ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ ചരിത്ര വിജയം സ്വന്തമാക്കിയെങ്കിലും യുവൻറസിന് ആശ്വസിക്കാൻ വകയുള്ള വാർത്തകളല്ല ഇപ്പോൾ പുറത്തു വരുന്നത്. മത്സരത്തിൽ ഹാട്രിക്ക് നേടിയ സൂപ്പർതാരം റൊണാൾഡോക്ക് അടുത്ത മത്സരത്തിൽ, അതായത് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ വിലക്കു വരാൻ സാധ്യതയുണ്ടെന്നാണ് ഇറ്റാലിയൻ മാധ്യമമായ ഗസറ്റ ഡെല്ല സ്പോർട് റിപ്പോർട്ടു ചെയ്യുന്നത്. മത്സരത്തിൽ മൂന്നാമത്തെ ഗോൾ നേടിയതിനു ശേഷമുള്ള ആഘോഷമാണ് പോർച്ചുഗീസ് സൂപ്പർതാരത്തെ കുരുക്കിലാക്കിയിരിക്കുന്നത്.

ആദ്യ പാദ മത്സരത്തിൽ യുവന്റസിനെതിരെ അത്ലറ്റികോ മാഡ്രിഡ് രണ്ടാമത്തെ ഗോൾ നേടിയപ്പോൾ പരിശീലകൻ സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനത്തിനു മറുപടിയാണ് രണ്ടാം പാദത്തിൽ റൊണാൾഡോ നൽകിയത്. എന്നാൽ താരത്തിന്റെ ഗോളാഘോഷം സഭ്യതക്കു നിരക്കുന്നതല്ലെന്നാണ് ആരോപണമുയരുന്നത്. താരത്തിനെതിരെ ഇതുവരെ യുവേഫ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ തന്നെ അതുണ്ടാകുമെന്നാണ് ഇറ്റാലിയൻ മാധ്യമം പറയുന്നത്.

ആദ്യ പാദത്തിൽ സിമിയോണിയുടെ അതിരുവിട്ട ആഹ്ലാദ പ്രകടനത്തിനെതിരെ യുവേഫ നടപടിയെടുത്തിരുന്നു. പിഴയാണ് അർജൻറീനിയൻ പരിശീലകന് യുവേഫ ശിക്ഷയായി നൽകിയത്. റൊണാൾഡോക്കെതിരെയും പിഴശിക്ഷ മാത്രം വിധിക്കാൻ സാധ്യതയുണ്ടെങ്കിലും താരത്തിന്റെ ആംഗ്യങ്ങൾ അത്ലറ്റികോ മാഡ്രിഡ് ആരാധകർക്കെതിരെയായിരുന്നു എന്നു തെളിഞ്ഞാൽ ഒരു മത്സരത്തിൽ വിലക്കു ലഭിച്ചേക്കാം.

COPYRIGHT WARNNING !