ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് അർജൻറീന ടീമിനു വേണ്ടി മെസി ഒരു മത്സരം കളിക്കാൻ ഒരുങ്ങുന്നത്. റഷ്യൻ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോടു തോറ്റു പുറത്തായതിനു ശേഷം ഇതു വരെ ദേശീയ ടീമിൽ കളിക്കാതിരുന്ന മെസി ഈ മാസം ഇക്വഡോറിനും മൊറോക്കോക്കുമെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിലാണ് ഇടം പിടിച്ചിരിക്കുന്നത്. എന്നാൽ താൻ അർജന്റീന പരിശീലകനായിരുന്നുവെങ്കിൽ മെസിയെയും അഗ്യൂറോയെയും ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തില്ലായിരുന്നുവെന്നാണ് അർജന്റീനക്ക് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത പരിശീലകനായ സെസർ ലൂയിസ് മെനോട്ടി പറയുന്നത്. ടൈക് സ്പോർട്സിനോടു സംസാരിക്കുകയായിരുന്നു മുൻ ബാഴ്സലോണ പരിശീലകൻ കൂടിയായ മെനോട്ടി.

“ക്ലബ് മത്സരങ്ങളുടെ കടുത്ത ഷെഡ്യൂളുകളിലാണ് താരങ്ങൾ കളിക്കുന്നത്. അതു കൊണ്ടു തന്നെ സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ മെസിയെയും അഗ്യൂറോയെയും ഉൾപ്പെടുത്താൻ ഞാൻ പരിശീലകനാണെങ്കിൽ തയ്യാറാവില്ലായിരുന്നു. ഇരു താരങ്ങളുടെയും ശൈലി എങ്ങിനെയാണെന്ന് എല്ലാവർക്കുമറിയാം. അതു കൊണ്ടു തന്നെ മറ്റു താരങ്ങളെ ടീമിൽ പരീക്ഷിച്ചു നോക്കാൻ ഇത്തരം മത്സരം ഉപയോഗപ്പെടുത്തണം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പരിശീലകന്റേതാണ്” മെനോട്ടി പറഞ്ഞു.

ഈ മാസം നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽ മെസി ഇടം പിടിച്ചിട്ടുണ്ടെങ്കിലും അഗ്യൂറോ ഉൾപ്പെട്ടിട്ടില്ല. ഇതിനെക്കുറിച്ചും മെനോട്ടി സംസാരിച്ചു. അഗ്യൂറോയെ ടീമിലെടുത്താൽ ആരാധകർക്കും മാധ്യമങ്ങൾക്കും അദ്ദേഹം ടീമിനു ബാധ്യതയാണെന്ന അഭിപ്രായമാണെന്നും എന്നാൽ താരം ടീമിലിടം പിടിച്ചില്ലെങ്കിൽ എന്തു കൊണ്ട് ടീമിലെടുത്തില്ലെന്ന രീതിയിൽ അതിനെയവർ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

COPYRIGHT WARNNING !