ബാഴ്സലോണക്കും റയൽ മാഡ്രിഡിനും വേണ്ടി കളിച്ച ചുരുക്കം ചില താരങ്ങളിലൊരാളാണ് പോർച്ചുഗീസ് താരം ലൂയിസ് ഫിഗോ. ബാഴ്സയിൽ നിന്നും റയലിലേക്കുള്ള താരത്തിന്റെ ട്രാൻസ്ഫർ ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്ത വിവാദങ്ങളാണ് ഉണ്ടാക്കിയത്. ഏറെ കുപ്രസിദ്ധമായ ഒരു എൽ ക്ലാസികോ മത്സരത്തിൽ റയലിനു വേണ്ടി കോർണർ എടുക്കാനെത്തിയ താരത്തിനു നേരെ ബാഴ്സ ആരാധകർ പന്നിത്തല എറിയുകയടക്കം ചെയ്താണ് തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്. എന്നാൽ തന്നെ അപമാനിച്ചുവെങ്കിലും ബാഴ്സ ആരാധകരെക്കുറിച്ച് ഇപ്പോഴും മികച്ച അഭിപ്രായമാണ് ഫിഗോക്ക്. അടുത്തിടെ ഒരഭിമുഖത്തിൽ താരം അതു വെളിപ്പെടുത്തുകയും ചെയ്തു.

”രണ്ടു ടീമിന്റെ കാണികളുടെയും സ്വഭാവം അറിഞ്ഞിട്ടുള്ള കളിക്കാരനാണു ഞാൻ. ബാഴ്സലോണയിൽ പല താരങ്ങളോടും കാണികൾക്ക് ഒരു തരം ആരാധനയായിരിക്കും. അത്തരമൊരു അന്തരീക്ഷത്തിൽ കളിക്കുന്നത് മനോഹരമായ അനുഭവമാണ്. അത്രയും മോശം പ്രകടനം കാഴ്ച വെച്ചാലല്ലാതെ ഒരു താരത്തിനെതിരെയും അവർ തിരിയില്ല. എന്നാൽ റയലിൽ സ്ഥിതി വ്യത്യസ്തമാണ്. കളിക്കാരെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് അവർക്കുണ്ടാവുക. അതിനെ തൃപ്തിപ്പെടുത്തുക കടുപ്പം തന്നെയാണ്‌.” ഫിഗോ പറഞ്ഞു.

റയലിന്റെ ഇപ്പോഴത്തെ പ്രതിസന്ധി ക്രിസ്ത്യാനോ റൊണാൾഡോ ടീം വിട്ടതിന്റെ കൂടി ഫലമാണെന്നും ഫിഗോ പറഞ്ഞു. ഏറ്റവും പ്രധാന താരം ടീം വിടുമ്പോൾ ഇത്തരം പ്രതിസന്ധിയുണ്ടാവുക സ്വാഭാവികമാണെന്നും അതിനെ മറി കടക്കാൻ റയലിനു കഴിയുമെന്നും ഫിഗോ പറഞ്ഞു. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിനെ പ്രശംസിച്ച ഫിഗോ പരിചയ സമ്പന്നനായാൽ താരം റയലിന്റെ ഏറ്റവും പ്രധാന താരമാകുമെന്നും കൂട്ടിച്ചേർത്തു.

COPYRIGHT WARNNING !