ഫ്രഞ്ച് സ്ട്രൈക്കർ ഒലിവർ ജിറൂദ് ഹാട്രിക്കുമായി തിളങ്ങിയപ്പോൾ റഷ്യൻ ക്ലബ് ഡൈനാമോ കീവിനെതിരെ യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിൽ തകർപ്പൻ ജയം നേടി ചെൽസി. ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് ചെൽസി കീവിനെ തകർത്തു വിട്ടത്. ആദ്യ പാദത്തിൽ മൂന്നു ഗോളുകൾക്ക് വിജയിച്ച ചെൽസി ഇരു പാദങ്ങളിലുമായി മറുപടിയില്ലാത്ത എട്ടു ഗോളുകളാണ് കീവിന്റെ വലയിൽ നിറച്ചത്. ജിറൂദിനു പുറമേ ഹുഡ്സൻ ഒഡോയ്, മാർകോ അലോൺസോ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്.

ഹസാർഡ്, ജോർജിന്യോ എന്നിങ്ങനെ ചില പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങിയ ചെൽസിക്ക് ലീഡ് നേടാൻ വെറും അഞ്ചു മിനുട്ടു മാത്രമാണു വേണ്ടി വന്നത്. ലോഫ്ടസ് ചീക്കിന്റെ അസിസ്റ്റിൽ നിന്നാണ് ഫ്രഞ്ച് താരം തന്റെ ഗോൾ വേട്ടക്കു തുടക്കമിട്ടത്. അതിനു ശേഷം മുപ്പത്തിമൂന്നാം മിനുട്ടിൽ അലോൺസോയുടെ പിൻപോയിന്റ് പാസിനു കാൽ വച്ച് ജിറൂദ് ചെൽസിയുടെ ലീഡുയർത്തി. ഇടവേളക്കു തൊട്ടു മുൻപ് ഹുഡ്സൻ ഒഡോയുടെ മികച്ചൊരു നീക്കത്തിൽ നിന്നും അലോൺസോയും ലക്ഷ്യം കണ്ടതോടെ പകുതി സമയത്ത് മൂന്നു ഗോളിന്റെ ലീഡുമായാണ് ചെൽസി കളം വിട്ടത്.

രണ്ടാം പകുതിയിൽ ഒന്നു കൂടി ഉണർന്നു കളിക്കുന്ന കീവ് താരങ്ങളെയാണു കണ്ടത്. പല തവണ അവർ ഗോളിനടുത്തെത്തിയെങ്കിലും മോശം ഫിനിഷിങ്ങും ഗോൾ പോസ്റ്റും അവർക്കു തുണയായി. അൻപത്തിയൊൻപതാം മിനുട്ടിലാണ് ജിറൂദ് ചെൽസി ജേഴ്സിയിൽ തന്റെ ആദ്യ ഹാട്രിക്ക് നേടുന്നത്. വില്യനെടുത്ത ഫ്രീ കിക്കിൽ നിന്നും ഉജ്ജ്വല ഹെഡറിലൂടെയാണ് താരം വല കുലുക്കിയത്. കളി തീരാൻ പത്തു മിനുട്ടോളം ശേഷിക്കെ ജിറൂദിന്റെ തന്നെ മികച്ചൊരു പാസിൽ നിന്ന് ലക്ഷ്യം കണ്ട് ഒഡോയ് ചെൽസിയുടെ പട്ടിക തികച്ചു.

മറ്റൊരു മത്സരത്തിൽ നാപോളിയെ സാൽസ്ബർഗ് 3-1ന് കീഴ്പ്പെടുത്തിയെങ്കിലും ആദ്യ പാദത്തിൽ നേടിയ എതിരില്ലാത്ത മൂന്നു ഗോൾ ജയത്തിന്റെ പിൻബലത്തിൽ ഇറ്റാലിയൻ ക്ലബ് ക്വാർട്ടറിലേക്കു മുന്നേറി. ക്രാസ്നദോറിനോടു സമനില വഴങ്ങിയ വലൻസിയയും ആദ്യ പാദ ജയത്തിന്റെ പിൻബലത്തിൽ ക്വാർട്ടറിലെത്തി.

COPYRIGHT WARNNING !