സ്വന്തം സ്റ്റേഡിയത്തിൽ ഫ്രഞ്ച് ലീഗ് ക്ലബ് റെന്നസിനെതിരെ തകർപ്പൻ തിരിച്ചു വരവു നടത്തി ആഴ്സനൽ യൂറോപ്പ ലീഗിന്റെ ക്വാർട്ടറിൽ. ആദ്യ പാദത്തിൽ 3-1നു തകർന്നടിഞ്ഞ പീരങ്കിപ്പട രണ്ടാം പാദത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു വിജയം നേടുകയായിരുന്നു. ഇരട്ട ഗോളുകൾ നേടി ഒബമയാങ്ങ് ആഴ്സനലിന്റെ ഹീറോയായപ്പോൾ ഒരു ഗോൾ യുവതാരം മെയ്റ്റ്ലൻഡ് നൈൽസിന്റെ വകയായിരുന്നു. സെവിയ്യ പരിശീലകനായിരിക്കുമ്പോൾ മൂന്നു തവണ യൂറോപ്പ ലീഗ് കിരീടം നേടിയ എമറിക്ക് മറ്റൊരു യൂറോപ്യൻ കിരീട നേട്ടം കൂടി സ്വന്തമാക്കാനുള്ള സാധ്യതയിലേക്കു കൂടിയാണ് ആഴ്സനലിന്റെ വിജയം വഴി തുറന്നത്.

ക്വാർട്ടറിലെത്താൻ മികച്ച വിജയം നേടണമെന്നതു കൊണ്ടു തന്നെ തുടക്കം മുതൽ ആഴ്സനൽ ആക്രമണമഴിച്ചു വിടുകയായിരുന്നു. അഞ്ചാം മിനുട്ടിൽ തന്നെ അതിനു ഫലം കാണുകയും ചെയ്തു. നൈൽസ് നടത്തിയ മുന്നേറ്റത്തിൽ നിന്നും റാംസിയുടെ ഗ്രൗണ്ട് ക്രോസിനു കാൽ വച്ച് ഒബമയാങ്ങ് ആഴ്സനലിനെ മുന്നിലെത്തിച്ചു. പത്തു മിനുട്ടിനകം തന്നെ അടുത്ത ഗോളും പിറന്നു. ഒരു ഓഫ് സൈഡ് ട്രാപ്പിന്റെ കൺഫ്യൂഷനിൽ റെന്നസ് താരങ്ങൾ നിന്നപ്പോൾ ഓടി പന്തെടുത്ത ഓബമായാങ്ങ് അതു ബോക്സിലേക്ക് മറിച്ചു നൽകി. മാർക് ചെയ്യപ്പെടാതെ നിന്ന നൈൽസ് ഒരു ഹെഡറിലൂടെ അനായാസം അതു വലയിലെത്തിച്ചു. രണ്ടു ഗോൾ നേടിയതോടെ ആഴ്സനൽ ഒന്ന് അലസന്മാരായി. ചില ഒറ്റപ്പെട്ട അവസരങ്ങൾ ആദ്യ പകുതിയിൽ തുറന്നെടുത്തെങ്കിലും ഒന്നും മുതലാക്കാൻ ടീമിനായില്ല.

ഒരു ഗോൾ നേടിയാൽ ക്വാർട്ടറിലെത്താനുള്ള സാധ്യതകൾ കൂടുതലാണെന്നതു കൊണ്ടു തന്നെ രണ്ടാം പകുതിയിൽ റെന്നസ് ഒന്നു കൂടി ആക്രമിച്ചാണ് കളിച്ചത്. നിരവധി തവണ അവർ ഗോളിനടുത്തെത്തിയെങ്കിലും അവസരങ്ങൾ ഒന്നും മുതലാക്കാനായില്ല. തിരിച്ചു വരവിനുള്ള റെന്നസിന്റെ സാധ്യതകൾ ദുർബലമാക്കിയാണ് എഴുപത്തിരണ്ടാം മിനുട്ടിൽ ഒബമയാങ്ങ് വീണ്ടും നിറയൊഴിച്ചത്. അതിനു പിന്നാലെ രണ്ടു സുവർണാവസരം അവിശ്വസനീയമായ രീതിയിൽ തുലക്കുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു. അവസാന നിമിഷങ്ങളിൽ തകർപ്പൻ മുന്നേറ്റങ്ങൾ റെന്നസ് നടത്തിയെങ്കിലും മുന്നേറ്റത്തിലെ മൂർച്ചയില്ലായ്മ അവർക്കു പുറത്തേക്കു വഴി തുറക്കുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ എൻത്രാഷ്ട് ഫ്രാങ്ക്ഫർടിനോട് ഒരു ഗോളിനു തോറ്റ് ഇൻറർ യൂറോപ്പ ലീഗിൽ നിന്നും പുറത്തായി. യൂറോപ്യൻ ക്ലബുകളുടെ പ്രധാന നോട്ടപ്പുള്ളിയായ യൊവികാണ് വിജയ ഗോൾ നേടിയത്. സെനിതിനെ ഇരു പാദങ്ങളിലുമായി 5-2 നു തകർത്ത വിയ്യാറയലും ക്വാർട്ടറിലേക്കു മുന്നേറിയിട്ടുണ്ട്.

COPYRIGHT WARNNING !