റഷ്യൻ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിന്റെ പ്രതിരോധ ഭടനായിരുന്ന സാമുവൽ ഉംറ്റിറ്റിയെ ബാഴ്സ അടുത്ത സീസണിൽ ടീമിൽ നിന്നും ഒഴിവാക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇറ്റലിയിലെ പ്രധാന മാധ്യമമായ കാർസിയോ മെർകാടോയാണ് ഈ വാർത്ത പുറത്തു വിട്ടത്. അയാക്സിന്റെ പത്തൊൻപതുകാരൻ പ്രതിരോധ താരം ഡി ലൈറ്റിനെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ബാഴ്സ അവരുടെ ഉംറ്റിറ്റിയെ തഴയുന്നത്. 2016ൽ ഫ്രഞ്ച് ക്ലബ് ലിയോണിൽ നിന്നും ബാഴ്സലോണയിലെത്തിയ ഉംറ്റിറ്റി ബാഴ്സ പ്രതിരോധത്തിലെ വിശ്വസ്തനായ താരമായിരുന്നു.

ഈ സീസണിൽ പരിക്കു മൂലം അഞ്ചു മാസത്തോളം ഉംറ്റിറ്റി പുറത്തായിരുന്നു. നിലവിൽ താരം കളിക്കാനിറങ്ങുന്നുണ്ടെങ്കിലും ഇനിയൊരു തവണ കൂടി ബുദ്ധിമുട്ടനുഭവപ്പെട്ടാൽ ചിലപ്പോൾ കാലിനു ശസ്ത്രക്രിയ വേണ്ടി വന്നേക്കാമെന്ന അവസ്ഥയാണുള്ളത്. തന്റെ അവസ്ഥയിലുള്ള ബുദ്ധിമുട്ട് താരം അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഉംറ്റിറ്റിക്കു പകരം വന്ന മറ്റൊരു ഫ്രഞ്ച് താരമായ ലെങ്ലറ്റ് ടീമിനു വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്നതു കൊണ്ടു തന്നെ പ്രധാന മത്സരങ്ങളിൽ മുൻ ലിയോൺ താരം ബാഴ്സലോണയുടെ ആദ്യ ഇലവനിൽ ഉൾപ്പെടാറുമില്ല.

നിലവിൽ നിരവധി സെൻട്രൽ ഡിഫൻഡർമാർ ബാഴ്സയിലുണ്ട്. പിക്വ, ഉംറ്റിറ്റി, ലെങ്ലറ്റ് എന്നിവർക്കു പുറമേ വെർമലെൻ, ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിയ മുറിയോ എന്നിവരാണ് പ്രതിരോധത്തിലുള്ളത്. ഡി ലൈറ്റിനെ സ്വന്തമാക്കുകയാണെങ്കിൽ ഏതെങ്കിലും രണ്ടു താരങ്ങളെ ബാഴ്സ ഒഴിവാക്കേണ്ടി വരും. ലോണിലുള്ള മുറിയോക്കു പുറമേ ഉംറ്റിറ്റി തന്നെയാണ് പുറത്തു പോകാൻ സാധ്യത. ഇല്ലെങ്കിൽ താരം ബാഴ്സ ബെഞ്ചിലിരിക്കേണ്ടി വരും. ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിലൊരാൾ അതിനു തയ്യാറാവാത്തതു കൊണ്ടു തന്നെ താരത്തിന്റെ ട്രാൻസ്ഫർ നടക്കാൻ സാധ്യതകളേറെയാണ്.

COPYRIGHT WARNNING !