യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിയോണിനെ ബാഴ്സലോണ തകർത്തെങ്കിലും മത്സരത്തിൽ സുവാരസ് നേടിയെടുത്ത പെനാൽട്ടിയിൽ വിമർശനം ശക്തമാകുന്നു. മത്സരത്തിൽ ബാഴ്സയുടെ ആദ്യ ഗോളിനു കാരണമായത് സുവാരസിനെ ലിയോൺ പ്രതിരോധ താരം ജേസൺ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടിയാണ്. റിപ്ലേകളിൽ സുവാരസ് ലിയോൺ താരത്തെ ചവുട്ടിയെന്നു വ്യക്തമായിട്ടും വീഡിയോ റഫറി പെനാൽട്ടി തീരുമാനം പിൻവലിച്ചില്ല. മത്സരത്തിനു ശേഷം ലിയോൺ താരങ്ങളിൽ ചിലർ ഇതിനെതിരെ പ്രതികരിച്ചതിനു പുറമേ മുൻ എസ്പാന്യോൾ താരവും നിലവിൽ യൂത്ത് ടീമിന്റെ പരിശീലകനുമായ മോയ്സസ് ഹുർടാഡോ ഉറുഗ്വയൻ താരത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ട്വിറ്ററിലാണ് മോയ്സസ് തന്റെ രോഷം പ്രകടിപ്പിച്ചത്.

“ലൂയിസ് സുവാരസ് ജീവിത കാലം മുഴുവൻ കളിക്കളത്തിൽ നിന്നും വിലക്കേണ്ട താരമാണ്. റഫറിമാരെ കബളിപ്പിക്കുകയും അത് നിരന്തരം കളിക്കളത്തിൽ പ്രാവർത്തികമാക്കുകയെന്നതുമാണ് സുവാരസിന്റെ പ്രധാന ജോലി. ഒരു താരവും സുവാരസിനെ ഫൗൾ ചെയ്തിട്ടില്ല. വീഡിയോ റഫറിയിങ്ങ് ഉണ്ടായിട്ടു കൂടി അവരെ സമർത്ഥമായി കബളിപ്പിക്കാൻ സുവാരസിനു കഴിഞ്ഞു.” മോയ്സസ് പറയുന്നു.

മത്സരത്തിനു ശേഷം സ്പാനിഷ് ചാനലുകളിലെ റഫറിയിങ്ങ് വിദഗ്ദന്മാരും അതു പെനാൽട്ടിയല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. രണ്ടു താരങ്ങൾക്കും ഒരു പോലെ പന്തിൽ ആനുകൂല്യമുള്ളപ്പോൾ സുവാരസ് ജേസണെയാണ് ആദ്യം ചവുട്ടിയതെന്നാണ് അവരുടെ അഭിപ്രായം. എന്തായാലും കിക്കെടുത്ത മെസി ഒരു പെർഫെക്ട് പനേങ്ക കിക്കിലൂടെ ബാഴ്സയുടെ ആദ്യ ഗോൾ കണ്ടെത്തി. മത്സരം ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബാഴ്സ വിജയിച്ചത്‌.

COPYRIGHT WARNNING !