അത്ലറ്റികോക്കെതിരായ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ യുവൻറസിന്റെ തിരിച്ചു വരവിന് കാരണമായ ഹാട്രിക്ക് നേടിയ റൊണാൾഡോ മറ്റു ടീമുകൾക്ക് വ്യക്തമായ മുന്നറിയിപ്പാണു നൽകിയത്. നിർണായക ഘട്ടങ്ങളിൽ തന്റെ വിശ്വരൂപം പുറത്തെടുക്കുന്ന താരം കഴിഞ്ഞ സീസണിലേതു പോലെ തന്നെ നോക്കൗട്ട് ഘട്ടങ്ങളിൽ കൂടുതൽ കരുത്താർജ്ജിച്ചിരിക്കുകയാണ്. അതു കൊണ്ടു തന്നെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റൊണാൾഡോയെയും യുവന്റസിനെയും എതിരാളികളായി ലഭിക്കാൻ മറ്റു ടീമിലെ താരങ്ങളും പരിശീലകരുമൊന്നും ആഗ്രഹിക്കുന്നുണ്ടാവില്ല. അക്കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് റൊണാൾഡോയുടെ പോർച്ചുഗൽ സഹതാരവും മാഞ്ചസ്റ്റർ സിറ്റി കളിക്കാരനുമായ ബെർനാഡോ സിൽവ.

“സത്യസന്ധമായി പറയുകയാണെങ്കിൽ റൊണാൾഡോയെ ക്വാർട്ടറിൽ എതിരാളിയായി കിട്ടരുതെന്നാണ് എന്റെ ആഗ്രഹം. റൊണാൾഡോയുടെ കഴിവുകളെ പറ്റി എനിക്ക് വ്യക്തമായി അറിയാം. അത്ലറ്റികോക്കെതിരെ താരം അതു തെളിയിക്കുകയും ചെയ്തതാണ്. ചാമ്പ്യൻസ് ലീഗിൽ കളിക്കുമ്പോൾ ഇതു പോലെയുള്ള കളിക്കാരും ടീമും എതിരാളികളായി വരാനുള്ള സാധ്യതയുണ്ട്. ഏറ്റവും മികച്ച ടൂർണമെന്റാണിതെന്നാണ് അതു വ്യക്തമാക്കുന്നത്. എന്നാൽ റൊണാൾഡോക്കെതിരെ കളിക്കുകയെന്നത് കൂടുതൽ കുഴപ്പങ്ങളുണ്ടാക്കുന്ന കാര്യമാണ്.” സിൽവ പറഞ്ഞു.

യൂറോപ്പിൽ ഏറ്റവും മികച്ച ഫോമിലുള്ള ടീമുകളിലൊന്നാണ് മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെ പുറകിൽ നിന്നും കുതിച്ചു മുന്നിലെത്തിയ അവർ പ്രീ ക്വാർട്ടറിൽ ഷാൽക്കയെ ഗോൾ മഴയിൽ മുക്കിയാണ് ക്വാർട്ടറിലേക്കു മുന്നേറിയത്. ബാഴ്സലോണ വിട്ടതിനു ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിട്ടില്ലാത്ത പെപ് ഗാർഡിയോള നാലു കിരീടങ്ങളാണ് സിറ്റിക്കൊപ്പം ലക്ഷ്യമിടുന്നത്.

COPYRIGHT WARNNING !