ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ നറുക്കെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അതിന്റെ ഫലങ്ങൾ ചോർന്നുവെന്ന വാർത്തകൾ ശക്തമാകുന്നു. ട്വിറ്ററിൽ പടർന്നു പിടിക്കുന്ന ഒരു ചിത്രത്തെ അടിസ്ഥാനമാക്കിയാണ് ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് നേരത്തെ തയ്യാറാക്കിയ തിരക്കഥയാണെന്ന വാദം ഉയരുന്നത്. ഫോട്ടോയുടെ ഉടവിടം വ്യക്തമായിട്ടില്ലെങ്കിലും ഒരു യുവേഫ ഡയറക്ടർ പോസ്റ്റു ചെയ്ത ഫോട്ടോയിൽ നിന്നും സൂം ചെയ്തെടുത്ത ഭാഗമെന്ന പേരിലാണ് ഇത് ഇന്റർനെറ്റിൽ പ്രചരിക്കപ്പെടുന്നത്. അബദ്ധം മനസിലാക്കിയ യുവേഫ ഡയറക്ടർ ഈ ചിത്രം പെട്ടെന്നു ഡിലീറ്റ് ചെയ്തതായും പറയപ്പെടുന്നു.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ മത്സരിക്കുന്ന ടീമുകളുടെ വിവരങ്ങൾ ചിത്രത്തിൽ വളരെ വ്യക്തമാണ്. ലിവർപൂൾ- അയാക്സ്, യുവന്റസ്-പോർട്ടോ, മാഞ്ചസ്റ്റർ യുണൈറ്റഡ്- ടോട്ടനം, ബാഴ്സലോണ- മാഞ്ചസ്റ്റർ സിറ്റി എന്നിങ്ങനെയാണ് മത്സരത്തിന്റെ ഫിക്സ്ചറുകൾ. ഇന്നു വൈകുന്നേരം സ്വിറ്റ്സർലൻഡിലെ നിയോണിൽ വച്ച് ഡ്രോ നടക്കാനിരിക്കെയാണ് അതു ചോർന്നുവെന്ന വാർത്തകൾ ശക്തമാവുന്നത്.

ഇതാദ്യമായല്ല ചാമ്പ്യൻസ് ലീഗ് ഡ്രോ മുൻകൂട്ടി തയ്യാറാക്കിയതാണെന്ന വാദങ്ങൾ ഉയരുന്നത്. കഴിഞ്ഞ സീസണിൽ സെമി ഫൈനൽ വിവരങ്ങൾ ഡ്രോക്കു മുൻപു തന്നെ റോമയുടെ വെബ്സൈറ്റിൽ വന്നത് ഏറെ വിവാദമായിരുന്നു. ലിവർപൂളുമായുള്ള ആദ്യ സെമിയുടെ വിവരങ്ങളാണ് അവർ വെബ്സൈറ്റിൽ ഉൾപ്പെടുത്തി പിന്നീട് നീക്കം ചെയ്തത്. ഈ സീസണിലെ പ്രീ ക്വാർട്ടർ നറുക്കെടുപ്പും നേരത്തെ പുറത്തു വന്നെങ്കിലും യഥാർത്ഥ നറുക്കെടുപ്പിൽ അതിൽ മാറ്റങ്ങൾ വന്നിരുന്നു. അതു കൊണ്ടു തന്നെ ഇപ്പോൾ പുറത്തു വന്ന ചിത്രത്തിന്റെ ആധികാരികത ഉറപ്പിക്കാൻ കഴിയില്ല.

COPYRIGHT WARNNING !