ലിയോണിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം മെസി തന്നെയായിരുന്നു ഫുട്ബോൾ ലോകത്തെ താരം. മത്സരത്തിൽ രണ്ടു ഗോൾ നേടുകയും പിക്വയുടെയും ഡെംബലെയുടെയും ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത മെസിയാണ് ബാഴ്സയുടെ ആക്രമണങ്ങൾക്കു ചുക്കാൻ പിടിച്ചത്. ലിയോൺ ആദ്യ ഗോൾ നേടിയതിനു ശേഷം ഇരുപതു മിനുട്ടോളം മുൾമുനയിൽ നിന്ന ബാഴ്സ ആരാധകരുടെ ശ്വാസം നേരെ വീണത് മെസി മത്സരത്തിലെ മൂന്നാം ഗോൾ നേടിയതിനു ശേഷമായിരിക്കും. എന്നാൽ ബാഴ്സയുടെ ആക്രമണത്തിൽ മാത്രമല്ല പ്രതിരോധത്തിലും ഒരു പ്രധാന പങ്കു വഹിക്കാൻ മെസിക്കു കഴിയുന്നുണ്ടെന്നാണ് മത്സരത്തിനു ശേഷം പുറത്തു വന്ന വീഡിയോ വ്യക്തമാക്കുന്നത്.

ലിയോണിനെതിരായ മത്സരത്തിനു ശേഷം ഒരു ആരാധകൻ പുറത്തു വിട്ട വീഡിയോയാണ് മെസിയുടെ പ്രതിരോധത്തിലെ സ്കില്ലുകൾ വ്യക്തമാക്കുന്നത്. ലിയോൺ പ്രതിരോധ താരങ്ങളിൽ നിന്നും ആക്രമണത്തിലേക്കു തുടങ്ങുന്ന മുന്നേറ്റം തടയുക മാത്രമല്ല, സ്വന്തം ഹാഫിലേക്ക് ഇറങ്ങിച്ചെന്ന് ലിയോൺ താരങ്ങളെ ടാക്കിൾ ചെയ്ത് പന്തെടുത്ത് പ്രത്യാക്രമണത്തിനു നേതൃത്വം കൊടുക്കുന്ന മെസിയെയും വീഡിയോയിൽ കാണാം. നിർണായക മത്സരത്തിൽ അതിന്റെ എല്ലാ ഗൗരവവും ഉൾക്കൊണ്ട് മുഴുവൻ ആത്മാർത്ഥതയോടെയാണ് മെസി ലിയോണിനെതിരെ കളിച്ചതെന്ന് ഈ വീഡിയോയിൽ നിന്നും വ്യക്തമാണ്.

വാൽവെർദെ പരിശീലകനായി എത്തിയ ശേഷം ബാഴ്സ പ്രധാനമായും മെച്ചപ്പെട്ടിരിക്കുന്നത് പ്രതിരോധത്തിലാണ്. ഈ സീസണിന്റെ ആദ്യ ഘട്ടങ്ങളിൽ പതറിയിരുന്നെങ്കിലും ലെങ്ലറ്റ് ഫോമിലേക്കുയർന്നതോടെ ഗോളുകൾ വഴങ്ങുന്നതിൽ ബാഴ്സ ഇപ്പോൾ പുറകിലാണ്. ഒറ്റക്കെട്ടായി നിന്നു പ്രതിരോധിക്കുകയും ആക്രമണം നടത്തുകയു ചെയ്യുന്നൊരു ടീമായതാണ് ബാഴ്സക്ക് ഈ സീസണിൽ കിരീട പ്രതീക്ഷ നൽകുന്ന പ്രധാന ഘടകം. ആക്രമണം മത്സരങ്ങൾ വിജയിപ്പിക്കുമെന്നും പ്രതിരോധം കിരീടങ്ങൾ സമ്മാനിക്കുമെന്നാണല്ലോ ഇതിഹാസ പരിശീലകൻ ഫെർഗൂസൻ പറഞ്ഞിരിക്കുന്നത്.

COPYRIGHT WARNNING !