കഴിഞ്ഞ കുറച്ചു സീസണുകളായി പിഎസ്ജി നേരിടുന്ന പ്രധാന പ്രശ്നമാണ് ഒരു മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ ടീമിലില്ലെന്നത്. എതിർ ടീമിന്റെ മുന്നേറ്റങ്ങൾ മുളയിലേ നുള്ളാനും സ്വന്തം ടീമിന്റെ ആക്രമണങ്ങൾ കൃത്യതയോടെ ആരംഭിക്കാനും കഴിവുള്ള ഒരു താരം ആ പൊസിഷനിലില്ലാത്തതിന്റെ പ്രശ്നങ്ങൾ ചാമ്പ്യൻസ് ലീഗ് പോലുള്ള ടൂർണമെന്റുകളിൽ ഒരു പരിധി വരെ ടീമിനെ ബാധിച്ചിരുന്നു. ഡിഫൻസീവ് മിഡ്ഫീൽഡർ പൊസിഷനിലും കളിച്ചിരുന്ന റാബിയട്ട് ടീമുമായി ഇടഞ്ഞതോടെ സെൻട്രൽ ഡിഫൻഡറായ മാർക്വിന്യോസാണ് പല മത്സരങ്ങളിലും ആ പൊസിഷനിൽ ഇറങ്ങിയിരുന്നത്. എന്നാൽ അടുത്ത സീസണിൽ ആ പൊസിഷനിലേക്ക് ഒരു വമ്പൻ താരത്തെ തന്നെയെത്തിക്കാൻ പിഎസ്ജി ഒരുങ്ങുകയാണ്.

ലിയോൺ താരമായ താംഗ്വായ് എൻഡൊംബലയാണ് അടുത്ത സീസണിൽ പിഎസ്ജിയിലെത്താനുള്ള സാധ്യതകൾ ശക്തമാകുന്നത്. ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന എൻഡൊംബലക്കു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും രംഗത്തുണ്ട്. എന്നാൽ താരത്തെ പിഎസ്ജിക്കു നൽകാൻ താൽപര്യമുണ്ടെന്നാണ് ലിയോൺ പ്രസിഡന്റ് വ്യക്തമാക്കിയത്. പിഎസ്ജി പ്രസിഡന്റ് ഞാൻ ബഹുമാനിക്കുന്ന ആളാണെന്നും എൻഡൊംബലയെ വാങ്ങാൻ ക്ലബിനു താൽപര്യമുണ്ടെങ്കിൽ അതിനു പൂർണ സമ്മതമാണെന്നും അദ്ദേഹം പറഞ്ഞു. പിഎസ്ജിയുമായി ബിസിനസ് നടത്തുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാണ്ടെ അടക്കമുള്ള താരങ്ങളെ ടീമിലെത്തിക്കാൻ സീസണിന്റെ തുടക്കത്തിൽ ശ്രമിച്ച പിഎസ്ജി എൻഡൊംബലയെ നൽകാമെന്ന ലിയോണിന്റെ വാഗ്ദാനം തളളിക്കളയാൻ ഒരിക്കലും സാധ്യതയില്ല. ബാഴ്സലോണക്കെതിരെയടക്കം ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം നടത്തിയ താരത്തിനു പക്ഷേ വലിയൊരു തുക തന്നെ പാരീസിയൻ ക്ലബ് നൽകേണ്ടി വരും. എൻഡൊംബലക്കു പുറമേ നായകൻ നബിൽ ഫക്കിർ, ഫെർലൻഡ് മെൻഡി, ഹൊസം അവോർ എന്നീ ലിയോൺ താരങ്ങളെയും യൂറോപ്പിലെ പ്രമുഖ ക്ലബുകൾ നോട്ടമിട്ടിട്ടുണ്ട്.

COPYRIGHT WARNNING !