ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പു പൂർത്തിയായപ്പോൾ മുതൽ ഫുട്ബോൾ ആരാധകർ ആവേശത്തിലാണ്. യൂറോപ്പിലെ മികച്ച ക്ലബുകൾ തമ്മിലുള്ള പോരാട്ടങ്ങൾ കാണാമെന്നതു മാത്രമല്ല, മെസിയും റൊണാൾഡോയും തമ്മിൽ ഏറ്റുമുട്ടുന്ന ഒരു സ്വപ്ന ഫൈനൽ ഇത്തവണ ചാമ്പ്യൻസ് ലീഗിൽ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നതാണ് ആരാധകർക്ക് ആവേശം പകരുന്ന മറ്റൊരു കാര്യം. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പിനൊപ്പം തന്നെ സെമി ഫൈനൽ പോരാട്ടങ്ങൾ കൂടി തീരുമാനിച്ചതോടെയാണ് ഇതിലേക്കുള്ള വഴിതുറന്നത്.

അയാക്സ്- യുവന്റസ്, ലിവർപൂൾ- പോർട്ടോ, ടോട്ടനം- മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്- ബാഴ്സലോണ എന്നിവർ തമ്മിലാണ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ നടക്കുന്നത്. ഇതിൽ യുവന്റസ് അയാക്സിനെ മറികടന്നാൽ ടോട്ടനം- മാഞ്ചസ്റ്റർ സിറ്റി മത്സരത്തിലെ വിജയികളെയാണ് സെമി ഫൈനലിൽ നേരിടുക. സെമിയിലും വിജയം നേടാൻ കഴിഞ്ഞാൽ ഇറ്റാലിയൻ ക്ലബിന് അത്ലറ്റികോ മാഡ്രിഡിന്റെ മൈതാനത്തു വച്ചു നടക്കുന്ന ഫൈനൽ ബർത്തുറപ്പിക്കാനാവും.

പുതിയ പരിശീലകനു കീഴിൽ കുതിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ ക്വാർട്ടറിൽ തകർത്താൽ സെമിയിൽ ബാഴ്സലോണക്ക് എതിരാളികൾ ലിവർപൂളോ പോർട്ടോയോ ആയിരിക്കും. ക്വാർട്ടറിലും സെമിയിലും ബാഴ്സക്ക് ഇംഗ്ലീഷ് ക്ലബുകളെ നേരിടാനുള്ള സാധ്യത കൂടിയാണ് ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പിലൂടെ വഴി തുറന്നത്. സെമിയിലും ബാഴ്സക്ക് വിജയം കുറിക്കാനായാൽ ആരാധകർ പ്രതീക്ഷിച്ച പോലെ തന്നെ യുവൻറസുമായുള്ള സ്വപ്ന ഫൈനലിനാണ് കളമൊരുങ്ങുക.

ഇതിനു മുൻപ് ഒരിക്കൽ മാത്രമാണ് മെസിയും റൊണാൾഡോയും ഒരു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടിയിരിക്കുന്നത്. 2009ൽ റോമിൽ വച്ചു നടന്ന ഫൈനലിൽ റൊണാൾഡോയുടെ യുണൈറ്റഡിനെ മെസിയുടെ ഹെഡർ ഗോളുൾപ്പെടെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തകർത്ത് ബാഴ്സ കിരീടം ചൂടിയിരുന്നു. വീണ്ടുമൊരു പോരാട്ടം ഇരുവരും തമ്മിൽ വന്നാൽ ആരായിരിക്കും അതിൽ കിരീടമുർയത്തുക?

COPYRIGHT WARNNING !