റഷ്യൻ ലോകകപ്പിനു ശേഷം ദേശീയ ടീമിൽ നിന്നു വിട്ടു നിന്നിരുന്ന ക്രിസ്ത്യാനോ റൊണാൾഡോ യൂറോ 2020ന്റെ യോഗ്യത മത്സരങ്ങൾക്കായി പോർച്ചുഗൽ സ്ക്വാഡിൽ തിരിച്ചെത്തി. 2018ൽ നടന്ന യുവേഫ നാഷൻസ് ലീഗ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും താരം പങ്കെടുത്തിരുന്നില്ല. എന്നാൽ താരത്തിന്റെ അഭാവത്തിലും ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനൽ വരെയെത്താൽ ടീമിനു കഴിഞ്ഞു. ജൂണിൽ നടക്കുന്ന സെമി ഫൈനലിൽ സ്വിറ്റ്സർലൻഡിനെ മറികടന്നാൽ പോർച്ചുഗലിന് ഇംഗ്ലണ്ട്-നെതർലൻഡ്സ് സെമി ഫൈനൽ വിജയിയെ ഫൈനലിൽ നേരിടാൻ അവസരമൊരുങ്ങും. ദേശീയ ടീമിനൊപ്പം മറ്റൊരു കിരീടം കൂടി നേടാൻ താരത്തിനു ലഭിക്കുന്ന സുവർണാവസരമാണ് യുവേഫ നാഷൻസ് ലീഗ്.

ലോകകപ്പിനു ശേഷം ആറു മത്സരങ്ങളാണ് റൊണാൾഡോക്ക് നഷ്ടമായത്. റൊണാൾഡോയുടെ യുവന്റസ് സഹതാരം കാൻസലോ, മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ബെർനാഡോ സിൽവ എന്നിവരെല്ലാം ടീമിലിടം പിടിച്ചിട്ടുണ്ട്. ലോകകപ്പ് ടീമിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട നെൽസൻ സെമഡോക്കു പുറമേ വെറ്ററൻ താരം പെപെയും ടീമിലുണ്ട്. റൊണാൾഡോയുടെ അഭാവത്തിൽ മുന്നേറ്റനിരയിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ചിരുന്ന ജർമൻ ക്ലബ് ലീപ്സിഗ് താരം ബ്രുമയാണ് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട പ്രധാന താരം.

യുക്രൈനും സെർബിയക്കുമെതിരെയാണ് ഈ മാസം പോർച്ചുഗലിന്റെ യോഗ്യത മത്സരങ്ങൾ. മാർച്ച് 22ന് യുക്രൈനെയും 25ന് സെർബിയയേയും പറങ്കിപ്പട നേരിടും. കഴിഞ്ഞ തവണത്തെ യൂറോ കപ്പ് ജേതാക്കളായിരുന്നു പോർച്ചുഗൽ. മികച്ച താരങ്ങളുള്ളതു കൊണ്ടു തന്നെ അടുത്ത വർഷം ഗംഭീര പ്രകടനം നടത്താൻ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. യുവേഫ നാഷൻസ് ലീഗിനുള്ള ടീമിനെ ഒരുക്കാനും ഈ മത്സരങ്ങൾ പ്രധാനപ്പെട്ടതാണ്.

പോർച്ചുഗൽ ടീം:

Goalkeepers: Rui Patricio, Beto, Jose Sa

Defenders: Joao Cancelo, Nelson Semedo, Jose Fonte, Pepe, Ruben Dias, Raphael Guerreiro, Mario Rui

Midfielders: Danilo Pereira , Ruben Neves, William Carvalho, Bruno Fernandes, Joao Mario, Joa Moutinho, Pizzi

Forwards: Bernardo Silva, Joao Felix, Goncalo Guedes, Rafa Silva, Andre Silva, Cristiano Ronaldo, Diogo Jota, Dyego Sousa

COPYRIGHT WARNNING !