പിഎസ്ജി സൂപ്പർ താരം കെലിയൻ എംബാപ്പയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്കു ശക്തി പകർന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ. എംബാപ്പയെ പരിശീലിപ്പിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ഫ്രഞ്ച് പരിശീലകൻ മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ വ്യക്തമാക്കി. കുറച്ചു കാലമായി റയലിന്റെ റഡാറിലുള്ള താരമാണ് എംബാപ്പെ. എന്നാൽ നിരവധി വാഗ്ദാനങ്ങൾ നൽകിയിട്ടും പിഎസ്ജി വിട്ടു വരാൻ താരം തയ്യാറായിരുന്നില്ല. സിദാനെ പരിശീലകനായി നിയമിച്ചതിനു ശേഷം റയൽ പ്രസിഡന്റ് പെരസ് പറഞ്ഞത് എംബപ്പയെ റയലിലെത്തിക്കാൻ സിദാനു കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നാണ്. അടുത്ത സമ്മർ ജാലകത്തിലെ വമ്പൻ സൈനിംഗ് ഒരു പക്ഷേ ഫ്രഞ്ച് താരമായേക്കാം.

നെയ്മറോ എംബാപ്പയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തന്റെതല്ലാത്ത കളിക്കാരെക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെന്നാണ് സിദാൻ ആദ്യം പറഞ്ഞത്. എന്നാൽ അതിനു ശേഷം റയൽ പരിശീലകന്റെ മറുപടി ഇങ്ങനെയായിരുന്നു. “എംബാപ്പയെ പരിശീലിപ്പിക്കാൻ എനിക്കാഗ്രഹമുണ്ട്. മികച്ച കഴിവുകളുള്ള താരമാണദ്ദേഹം. മികച്ച കഴിവുകളുള്ള എല്ലാ താരങ്ങളെയും പരിശീലിപ്പിക്കാൻ മാനേജർമാർക്ക് ആഗ്രഹമുണ്ടാകും. എന്നാൽ ഇപ്പോൾ എംബാപ്പയേയോ മറ്റേതെങ്കിലും താരത്തെയോ കുറിച്ച് സംസാരിക്കാനുള്ള സമയമല്ല.”

റയലിന്റെ ഗലാറ്റികോ പോളിസിക്ക് ഏറ്റവും നന്നായി ഇണങ്ങുന്ന താരമാണ് എംബാപ്പെ. ചെറിയ പ്രായത്തിൽ തന്നെ അസൂയാവഹമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരത്തിന് ഏതു താരത്തെയും മറികടക്കാനുള്ള കഴിവും സമയവുമുണ്ട്. എന്നാൽ പിഎസ്ജിയുടെ പദ്ധതിയിൽ തനിക്കു വിശ്വാസമുണ്ടെന്നും ക്ലബ് വിടാൻ താൽപര്യമില്ലെന്നുമാണ് എംബപ്പെ അടുത്തു കൂടി വ്യക്തമാക്കിയത്. എന്നാൽ സിദാനെ പോലൊരു പരിശീലകൻ വിളിച്ചാൽ അതു നിരസിക്കാൻ എംബാപ്പെ തയ്യാറാകുമോയെന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്.

COPYRIGHT WARNNING !