കരിയറിന്റെ അവസാന കാലഘട്ടത്തിലേക്കു കടക്കാനൊരുങ്ങുന്ന ഉറുഗ്വയ് താരം ലൂയിസ് സുവാരസിന്റെ പകരക്കാരനായി ബാഴ്സലോണ ലക്ഷ്യം വെക്കുന്നതും മറ്റൊരു ഉറുഗ്വയ് താരത്തെ. ലാലിഗ ക്ലബായ സെൽറ്റ വിഗോ താരമായ മാക്സി ഗോമസിനെയാണ് ബാഴ്സ അടുത്ത സീസണിൽ സ്വന്തം കൂടാരത്തിലെത്തിക്കാൻ ശ്രമിക്കുന്നത്. വളരെക്കാലമായി ബാഴ്സ നിരീക്ഷിക്കുന്ന ഇരുപത്തിരണ്ടുകാരനായ താരത്തിന്റെ ഈ സീസണിലെ പ്രകടനത്തിൽ ക്ലബ് നേതൃത്വം തൃപ്തരാണ്. എന്നാൽ ഈ സീസണിൽ ഒൻപതു ഗോളും അഞ്ച് അസിസ്റ്റും സ്വന്തമായുള്ള താരത്തെ സ്വന്തമാക്കണമെങ്കിൽ ചില സങ്കീർണതകളെ ബാഴ്സ മറികടക്കേണ്ടതുണ്ട്.

ബാഴ്സയെ സംബന്ധിച്ച് ലാഭമുള്ള സൈനിങ്ങായിരിക്കും മാക്സി ഗോമസിന്റേത്. അൻപതു ദശലക്ഷം യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. നിലവിൽ ലാലിഗയിൽ പതിനെട്ടാം സ്ഥാനത്തു നിൽക്കുന്ന സെൽറ്റ രണ്ടാം ഡിവിഷനിലേക്കു വീണാൽ അതു വീണ്ടും പകുതിയായി കുറയും. എന്നാൽ ഗോമസിന് യൂറോപ്യൻ പാസ്പോർട് ഇല്ലെന്നതാണ് ബാഴ്സയെ കുഴക്കുന്ന പ്രശ്നം. യൂറോപ്പിനു പുറത്തുള്ള മൂന്നു കളിക്കാരെ മാത്രമേ ടീമിൽ ഉൾപ്പെടുത്താൻ കഴിയു. നിലവിൽ ആർതർ, വിദാൽ, മാൽക്കം എന്നിവർ ആ സ്ഥാനം കയ്യടക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഗോമസിനെ ടീമിലെത്തിക്കണമെങ്കിൽ ഇതിൽ ഒരാളെ ബാഴ്സ ഒഴിവാക്കേണ്ടി വരും.

ഗോമസിനെ സംബന്ധിച്ചുള്ള സങ്കീർണത പരിഹരിക്കാൻ ബാഴ്സക്കു കഴിഞ്ഞില്ലെങ്കിൽ ടീം ബുണ്ടസ് ലിഗ താരമായ ലൂക യോവിചിനെ സ്വന്തമാക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം യോവിച്ച് കളിക്കുന്ന ക്ലബായ ഫ്രാങ്ക്ഫർടിന്റെ മത്സരം കാണാൻ അബിദാൽ അടക്കം ബാഴ്സ നേതൃത്വത്തിലെ നിരവധി പേർ ഉണ്ടായിരുന്നു. ഇന്ററിനു പുറത്തേക്കു വഴി തുറന്ന ഗോൾ നേടി അവരെ സംതൃപ്തരാക്കാൻ സെർബിയൻ താരത്തിനാവുകയും ചെയ്തു. ഈ സീസണിൽ 22 ഗോളും ആറ് അസിസ്റ്റുമാണ് യൊവിച്ചിന്റെ സമ്പാദ്യം.

COPYRIGHT WARNNING !