എല്ലാ വർഷവും ഡിസംബറിൽ നടന്നു വരാറുള്ള ക്ലബ് ലോകകപ്പിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഫിഫ. വർഷാവർഷം നടത്തുന്നതിൽ നിന്നും ക്ലബ് ലോകകപ്പ് നാലു വർഷത്തിലൊരിക്കൽ നടക്കുന്ന ടൂർണമെൻറാക്കി മാറ്റാനാണ് ഫിഫയുടെ തീരുമാനം. സാധാരണ ഏഴു ടീമുകൾ മാത്രം പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇരുപത്തിനാലു ടീമുകൾ പങ്കെടുക്കുകയും ചെയ്യും. 2021 മുതലായിരിക്കും ഈ മാറ്റം ആരംഭിക്കുക. ഇക്കാര്യം ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാൻറിനോ സ്ഥിരീകരിച്ചു.

അതേ സമയം യൂറോപ്പിലെ പ്രമുഖ ക്ലബുകളെല്ലാം ഫിഫയുടെ ഈ തീരുമാനത്തിന് എതിരാണ്. ടൂർണമെന്റിൽ മാറ്റം വരുത്തിയാൽ അതിൽ പങ്കെടുക്കില്ലെന്നാണ് അവർ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കി യൂറോപ്യൻ ക്ലബുകളുടെ അസോസിയേഷൻ ഫിഫക്ക് സന്ദേശം കൈമാറുകയും ചെയ്തു. ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, പിഎസ്ജി, അയാക്സ്, സെൽറ്റിക് എന്നിവരെല്ലാം ഇതിൽ ഒപ്പു വെച്ചിട്ടുണ്ട്. എന്നാൽ ക്ലബുകളുടെ എതിർപ്പു വകവെക്കാതെയാണ് ഫിഫ ഇപ്പോൾ മുന്നോട്ടു പോകുന്നത്.

യൂറോപ്പിലെ വമ്പൻ ക്ലബുകൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന പൂർണ പ്രതീക്ഷ ഇൻഫാന്റിനോ പ്രകടിപ്പിച്ചു. ക്ലബ് ലോകകപ്പിന്റെ ശരിയായ രൂപം ഇതാണെന്നും ലോകത്തിലെ എല്ലാ പ്രധാന ക്ലബുകളും ഏറ്റുമുട്ടി ഒരാൾ ചാമ്പ്യനാവുന്നതാണ് അതിന്റെ ഭംഗിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ടു വർഷം ബാക്കിയുണ്ടെന്നും ടൂർണമെന്റ് എല്ലാവരുടെയും സഹകരണത്തോടെ നടത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

COPYRIGHT WARNNING !