ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരങ്ങൾ കഴിഞ്ഞു, ക്വാർട്ടർ മത്സരങ്ങൾക്കുള്ള നറുക്കെടുപ്പും കഴിഞ്ഞു. എന്നിട്ടും യുവന്റസ് സൂപ്പർ താരം റൊണാൾഡോയോടുള്ള കലിപ്പ് അത്ലറ്റികോ മാഡ്രിഡിനു തീർന്നിട്ടില്ല. രണ്ടാം പാദത്തിൽ തങ്ങളെ തകർത്ത ഹാട്രിക്ക് നേടിയതല്ല ആ ദേഷ്യത്തിനു കാരണം. മൂന്നാമത്തെ ഗോൾ നേടിയതിനു ശേഷമുള്ള താരത്തിന്റെ സെലിബ്രേഷനാണ് കാര്യങ്ങൾ കുഴപ്പമാക്കിയത്. സിമിയോണി ഒന്നാം പാദത്തിൽ നടത്തിയ ആഘോഷത്തിനു മറുപടിയാണ് അതെങ്കിലും യുവന്റസിൽ മത്സരം കാണാനെത്തിയ അത്ലറ്റികോ മാഡ്രിഡ് ആരാധകർക്കു നേരെയാണ് റൊണാൾഡോ അതു കാണിച്ചതെന്നതാണ് സ്പാനിഷ് ക്ലബിനെ ചൊടിപ്പിച്ചത്.

സ്പാനിഷ് മാധ്യമം എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോയുടെ ഗോളാഘോഷത്തിനെതിരെ അത്ലറ്റികോ ഔദ്യോഗികമായി പരാതി നൽകാൻ ഒരുങ്ങുകയാണ്. റൊണാൾഡോയെ സംബന്ധിച്ച് ഗുരുതരമായ പ്രശ്നങ്ങളാണ് അത്ലറ്റികോ പരാതി നൽകിയാൽ ഉണ്ടാവുക. നേരത്തെ തന്നെ യുവേഫ താരത്തിനെതിരെ അന്വേഷണം നടത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. അത്ലറ്റികോയുടെ പരാതി കൂടി ചെന്നാൽ അന്വേഷണം നടത്താൻ യുവേഫ നിർബന്ധിതമാകും. ചിലപ്പോൾ റൊണാൾഡോക്ക് ക്വാർട്ടർ ഫൈനലിൽ കളിക്കാൻ പറ്റാത്ത രീതിയിൽ യുവേഫയുടെ വിലക്കും വന്നേക്കാം.

സിമിയോണിയുടെ സെലിബ്രേഷന് യുവേഫ പിഴ മാത്രമാണ് ശിക്ഷാ നടപടിയായി എടുത്തത്. എന്നാൽ സിമിയോണിയുടെ സെലിബ്രേഷൻ സ്വന്തം ആരാധകർക്കു നേരെയായിരുന്നു. അതേ സമയം റൊണാൾഡോ എവേ ഫാൻസിനു നേരെയാണ് മോശമായ രീതിയിൽ പ്രതികരിച്ചത്. അവരെ അസഭ്യം പറഞ്ഞുവെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. യുവേഫയുടെ അന്വേഷണത്തിൽ ഇതു തെളിയിക്കപ്പെട്ടാൽ താരത്തിന് മത്സരങ്ങളിൽ നിന്നും സസ്പെൻഷൻ ലഭിച്ചേക്കും. സംഭവത്തിന്റെ ഗൗരവം അനുസരിച്ച് ഒന്നു മുതൽ മൂന്നു വരെ മത്സരത്തിൽ താരത്തെ വിലക്കിയേക്കാം.

COPYRIGHT WARNNING !