കഴിഞ്ഞ സീസണിൽ ഫുട്ബോൾ ലോകം ഏറെ ചർച്ച ചെയ്ത പെനാൽട്ടി വിവാദം നടന്ന ക്ലബാണ് പിഎസ്ജി. നെയ്മർ പിഎസ്ജിയിലേക്കു ചേക്കേറിയതിനു ശേഷം ക്ലബിന്റെ പെനാൽട്ടിയും ഫ്രീ കിക്കും ആരെടുക്കുമെന്നതിനെ ചൊല്ലി ബ്രസീലിയൻ താരവും കവാനിയും തമ്മിൽ മൈതാനത്തു വച്ചു ചില തർക്കങ്ങൾ നടന്നിരുന്നു. പിന്നീട് അതു പരിഹരിക്കപ്പെട്ടെങ്കിലും സമാനമായൊരു സംഭവത്തിനാണ് ഇന്നലെ പിഎസ്ജിയും മാഴ്സലിയും തമ്മിലുള്ള ലീഗ് വൺ മത്സരം സാക്ഷ്യം വഹിച്ചത്. അന്ന് നെയ്മറും കവാനിയുമായിരുന്നെങ്കിൽ ഇന്നലെ എംബാപ്പയും ഡി മരിയയുമായിരുന്നു സംഭവത്തിലെ കഥാപാത്രങ്ങൾ. മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാൽട്ടിയെ തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിഎസ്ജി മുന്നിൽ നിൽക്കുമ്പോഴാണ് ഇഞ്ചുറി ടൈമിൽ പാരീസ് ക്ലബിന് അനുകൂലമായി പെനാൽട്ടി ലഭിക്കുന്നത്. രണ്ടാം പകുതിയിൽ രണ്ടു ഗോൾ നേടിയിരുന്ന ഡി മരിയ ഹാട്രിക്ക് പൂർത്തിയാക്കാൻ പെനാൽട്ടി ആവശ്യപ്പെട്ടെങ്കിലും എംബാപ്പെ അതു നൽകാൻ തയ്യാറായില്ല. പകരം താരം തന്നെയാണ് പെനാൽട്ടിയെടുത്തത്. എന്നാൽ കർമ എന്നതു ബൂമറാംഗ് പോലെയാണെന്നു തെളിയിച്ച സംഭവമാണ് അതിനു ശേഷം നടന്നത്. എംബാപ്പയുടെ പെനാൽട്ടി മാഴ്സലി ഗോൾകീപ്പർ രക്ഷപ്പെടുത്തി. മത്സരത്തിൽ എംബാപ്പെ നേടിയ ആദ്യ ഗോളിനു വഴിയൊരുക്കുകയും രണ്ടു ഗോൾ നേടുകയും ചെയ്ത് തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഡി മരിയക്കു പെനാൽട്ടി നിഷേധിച്ചതിന് എംബാപ്പക്കു തിരിച്ചു കിട്ടിയ മുഖത്തടിയായിരുന്നു ആ രക്ഷപ്പെടുത്തൽ.

മത്സരത്തിനു ശേഷം എംബാപ്പയെ വിമർശിച്ച് പിഎസ്ജി ആരാധകർ തന്നെ രംഗത്തെത്തി. നിലവിൽ യൂറോപ്യൻ ഗോൾഡൻ ഷൂ പോരാട്ടത്തിൽ മെസിയുടെ പിന്നിലുള്ള താരമാണ് എംബാപ്പെ. അർജൻറീനിയൻ താരത്തിനൊപ്പമെത്തുകയെന്നതു കൂടി ലക്ഷ്യം വച്ചാണ് എംബാപ്പ പെനാൽട്ടി ഡി മരിയക്കു നൽകാതെ സ്വയം എടുത്തത്. എന്നാൽ ചില കാര്യങ്ങൾ ത്യജിക്കാതെ ചിലതു നേടാനാവില്ലെന്നും ഒരു ടീമായി കളിക്കുമ്പോൾ അതു മനസിലാക്കേണ്ടത് അത്യാവശ്യമാണെന്നുമാണ് പിഎസ്ജി ആരാധകർ എംബാപ്പയോടു പറയുന്നത്. നിലവിൽ ഇരുപത്തിയാറു ഗോളുകളാണ് എംബാപ്പെ ലീഗിൽ നേടിയിരിക്കുന്നത്, മെസി ഇരുപത്തിയൊൻപതും.

COPYRIGHT WARNNING !