റയൽ മാഡ്രിഡ് മുന്നേറ്റത്തെ കരുത്തുറ്റതാക്കാൻ അടുത്ത സീസണിൽ സിദാൻ ടീമിലെത്തിക്കാൻ ഒരുങ്ങുന്ന പ്രധാന താരം ലിവർപൂളിന്റെ സാഡിയോ മാനേയെന്ന് റിപ്പോർട്ടുകൾ. മാഡ്രിഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമമായ മാർക്കയാണ് സുപ്രധാനമായ ഈ വിവരം പുറത്തുവിട്ടത്. റയലിൽ താൻ നടപ്പിലാക്കാൻ പോകുന്ന കേളീ ശൈലിക്ക് ഏറ്റവും അനുയോജ്യൻ സെനഗൽ താരമാണെന്നാണ് സിദാന്റെ വിലയിരുത്തൽ. ബയേൺ മ്യൂണിക്കിനെ അവരുടെ മൈതാനത്തു പോയി തകർത്ത് ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെത്തിച്ച പ്രകടനത്തോടെ മാനേയിലുള്ള താൽപര്യം സിദാനു വർദ്ധിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ തന്നെ മാനേ റയലിലേക്കു വരാൻ സമ്മതം മൂളിയതായി ഫ്രാൻസ് ഫുട്ബോൾ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ സിദാൻ റയൽ മാഡ്രിഡ് വിട്ടതാണ് ട്രാൻസ്ഫറിന്റെ തുടർ നടപടികൾ മുടങ്ങാൻ കാരണമായത്. എന്നാൽ തന്റെ രണ്ടാം വരവിൽ മാനേയെ തന്നെയാണ് സിദാൻ ടീമിന്റെ മുന്നേറ്റ നിരയിലെ പ്രധാനിയായി കണക്കാക്കുന്നത്. സ്കില്ലും സ്പീഡും കരുത്തും ഒരു പോലെയുള്ള ഇരുപത്തിയാറുകാരനായ താരം ഇതുവരെ ഇരുപതു ഗോളുകൾ ഈ സീസണിൽ ലിവർപൂളിനു വേണ്ടി നേടിയിട്ടുണ്ട്.

85 ദശലക്ഷം യൂറോ അടിസ്ഥാന വിലയുള്ള താരമാണ് സാഡിയോ മാനേ. എന്നാൽ ഫിലിപ്പെ കുട്ടിന്യോയെ 150 മില്യൺ യൂറോക്ക് ബാഴ്സലോണക്കു നൽകിയ ലിവർപൂൾ മാനേക്കു വേണ്ടി അതിനൊത്ത തുക ആവശ്യപ്പെടുമെന്നതു തീർച്ചയാണ്. തിരിച്ചടികളിൽ പതറുന്ന റയൽ തങ്ങളുടെ മേധാവിത്വം തിരിച്ചു പിടിക്കാൻ ഒരുങ്ങുന്നതു കൊണ്ടു തന്നെ ഇത്തവണ വലിയ തുക ട്രാൻസ്ഫർ മാർക്കറ്റിൽ ചെലവഴിക്കാനും സാധ്യതയേറെയാണ്. എന്തായാലും റയലിനു വേണ്ടി മാനേ ടീം വിട്ടാൽ അതു ലിവർപൂളിന് കനത്ത തിരിച്ചടിയാണെന്ന കാര്യത്തിൽ സംശയമില്ല.

COPYRIGHT WARNNING !