മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പാനിഷ് മധ്യനിര താരം ആൻഡർ ഹെരേര പിഎസ്ജിയിലേക്കു ചേക്കേറാനുള്ള സാധ്യതകൾ ശക്തമാകുന്നു. ഈ സീസണോടെ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള താരത്തിന്റെ കരാർ അവസാനിക്കുകയാണ്. താരത്തിന്റെ കരാർ പുതുക്കി നൽകുന്ന കാര്യത്തിൽ ഇതു വരെ ഇംഗ്ലീഷ് ക്ലബ് തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന് പിഎസ്ജിയിൽ നിന്നും ഓഫറുകളുണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഒരു സ്പാനിഷ് മാധ്യമത്തോടു സംസാരിക്കുമ്പോൾ പുതിയ ക്ലബിലേക്കു ചേക്കേറാനുള്ള സാധ്യതകൾ തള്ളിക്കളയാനും താരം തയ്യാറായില്ല.

”മൂന്നു മാസം മാത്രം കരാറിൽ ബാക്കിയുള്ള താരത്തിന് വിവിധ ക്ലബുകളുടെ ഓഫറുകളുണ്ടാവുക സ്വാഭാവികമാണ്. അതിനെ വലിയ കാര്യമായി ഞാൻ കണക്കാക്കുന്നില്ല. ഇനിയും ഒന്നര മാസത്തോളം കളിക്കളത്തിൽ തുടരുകയെന്നതാണ് ഇപ്പോൾ എന്റെ പദ്ധതി. അതിനു ശേഷമുള്ള കാര്യങ്ങൾ എന്റെ ഏജന്റിന്റെ കയ്യിലാണ്. യുണൈറ്റഡിൽ തുടരാൻ എനിക്കു താൽപര്യമുണ്ടെങ്കിലും മറ്റൊരു നല്ല ക്ലബിന്റെ ഓഫർ വന്നാൽ അതു തിരഞ്ഞെടുക്കില്ലെന്നു പറയാനാവില്ല.” ഹെരേര പറഞ്ഞു.

പ്രീമിയർ ലീഗിലെ തന്റെ കാലം കഴിഞ്ഞുവോയെന്നറിയില്ലെന്നാണ് ഹെരേര പറഞ്ഞത്. നാലു മാസത്തിനു ശേഷമുള്ള കാര്യത്തെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും താരം പറഞ്ഞു. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്ലബിലാണു താൻ കളിക്കുന്നതെന്നും ആരാധകർക്ക് തന്നെ വളരെ താൽപര്യമാണെന്നും താരം വെളിപ്പെടുത്തി. എന്നാൽ ഭാവിയെക്കുറിച്ച് വ്യക്തതയില്ലെന്നും കഠിനാധ്വാനം ചെയ്ത് ടീമിൽ തുടരാൻ ശ്രമിക്കുമെന്നും ഹെരേര കൂട്ടിച്ചേർത്തു.

COPYRIGHT WARNNING !