ഇന്നു രാത്രി എംപോളിക്കെതിരെ നടക്കുന്ന സീരി എ മത്സരത്തിനുള്ള യുവന്റസ് ടീമിൽ നിന്നും ക്രിസ്ത്യാനോ റൊണാൾഡോയെ പരിക്കു മൂലം ഒഴിവാക്കി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ അയാക്സിനെതിരെ താരം കളിക്കുന്ന കാര്യം സംശയമാണെന്നും പരിശീലകൻ അല്ലെഗ്രി പറഞ്ഞു. യൂറോ കപ്പ് യോഗ്യതയിൽ സെർബിയക്കെതിരായ മത്സരത്തിനിടെയാണു റൊണാൾഡോക്കു പരിക്കേറ്റത്. ആദ്യ പകുതി മുഴുമിക്കാതിരുന്ന താരം അവിടെ നിന്നും മടങ്ങി ബാഴ്സലോണയിലെത്തി വിദഗ്ദ പരിശോധനകൾ നടത്തിയതിനു ശേഷമാണ് യുവന്റസിലേക്കു തിരിച്ചു പോയത്.

“എംപോളിക്കെതിരായ മത്സരത്തിൽ താരം കളിക്കാനിറങ്ങില്ല. തിങ്കളാഴ്ച കൂടുതൽ പരിശോധനകൾ നടത്തിയതിനു ശേഷമേ താരത്തിന്റെ അവസ്ഥയെന്താണെന്ന് ശരിക്കും കണ്ടെത്താനാവു. നിലവിലെ സാഹചര്യത്തിൽ അയാക്സിനെതിരായ ഒന്നാം പാദ മത്സരം താരം കളിക്കുന്ന കാര്യം സംശയം തന്നെയാണ്. മുഴുവൻ ഫിറ്റ്നസ് വീണ്ടെടുക്കാതെ താരത്തെ കളിക്കാനിറക്കാൻ സാധ്യതയില്ല. ഒരൊറ്റ മത്സരത്തിനു വേണ്ടി ഈ സീസൺ മുഴുവൻ തുലക്കുന്നതു പോലെയായിരിക്കുമത്.” അല്ലെഗ്രി പറഞ്ഞു.

റൊണാൾഡോ കളിച്ചില്ലെങ്കിൽ പോലും യുവന്റസിന് പേടിക്കാൻ ഒന്നുമില്ലെന്നതാണ് വാസ്തവം. യുവന്റസിന്റെ പത്തൊൻപതുകാരനായ ഇറ്റാലിയൻ താരം മോയ്സ് കീൻ തകർപ്പൻ ഫോമിലാണു കളിക്കുന്നത്. യൂറോ കപ്പ് യോഗ്യതയിൽ താരം രണ്ടു ഗോളുകൾ ഇറ്റലിക്കു വേണ്ടി നേടിയിരുന്നു. ഡിബാലയടക്കമുള്ള താരങ്ങളോടും നൂറു ശതമാനം മികച്ച പ്രകടനം പുറത്തെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലെഗ്രി പറഞ്ഞു. സീരി എയിൽ കിരീടം ഏറെക്കുറെ ഉറപ്പിച്ച മട്ടിൽ നിൽക്കുന്ന യുവന്റസിന് ചാമ്പ്യൻസ് ലീഗ് തന്നെയാണ് പ്രധാന ലക്ഷ്യം.

COPYRIGHT WARNNING !