മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്തു നിന്നും മൊറീന്യോ പുറത്താക്കപ്പെടുന്നതിൽ പോഗ്ബക്കും പങ്കുണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. അവസാന സമയങ്ങളിൽ ഇരുവരും തമ്മിലുള്ള ബന്ധം വളരെയധികം വഷളായിരുന്നു. ട്രയിനിംഗ് മൈതാനത്ത് ഇരുവരും തമ്മിൽ വാക്കേറ്റം നടത്തുന്നതിന്റെ വീഡിയോ അടക്കം പുറത്തു വന്നിരുന്നു. പോഗ്ബയുമായുള്ള ബന്ധം മോശമാകുന്നതിലേക്കെത്തിച്ച സംഭവത്തെക്കുറിച്ച് അടുത്തിടെ നടന്ന കോച്ചിംഗ് സെമിനാറിൽ മൗറീന്യോ വെളിപ്പെടുത്തി. ബേൺലിയുമായി സെപ്തംബറിൽ നടന്ന ലീഗ് മത്സരത്തിനു ശേഷം ടീം ബസിൽ യാത്ര ചെയ്യാതെ സ്വന്തം വാഹനത്തിൽ പോകണമെന്ന ആവശ്യം തടഞ്ഞതാണ് പോഗ്ബയെ പ്രകോപിപ്പിച്ചതെന്നാണ് മൊറീന്യോ പറയുന്നത്.

“മത്സരത്തിനു ശേഷം ടീമിനൊപ്പമല്ലാതെ സ്വന്തം കാറിൽ പോകണമെന്ന് പോഗ്ബ എന്നോട് ആവശ്യപ്പെട്ടു. എന്നാൽ മാഞ്ചസ്റ്ററിന്റെ അടുത്തുള്ള സ്ഥലത്താണു മത്സരമെന്നതു കൊണ്ട് അത് ഞാൻ സമ്മതിച്ചില്ല. മത്സരം വിജയിച്ചതിനു ശേഷം പോഗ്ബ എന്നോടു വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ സ്റ്റേഡിയത്തിൽ നിന്നും ടീം ബസിനൊപ്പം ഇറങ്ങി കുറച്ചു ദൂരം കഴിഞ്ഞ് കാറിലേക്കു മാറാൻ ഞാൻ അനുവദിച്ചു. എന്നാൽ ഇതൊന്നും പോഗ്ബക്കു തൃപ്തികരമായിരുന്നില്ല. തന്റെ പുതിയ കാറിൽ തന്നെ സ്റ്റേഡിയം വിടണമെന്നതായിരുന്നു താരത്തിന്റെ ആവശ്യം. അതിനു സമ്മതിക്കാത്തതിന്റെ എതിർപ്പ് താരം പിന്നീട് പല രീതിയിൽ പ്രകടമാക്കുകയും ചെയ്തു.” മൊറീന്യോ പറഞ്ഞു.

ബേൺലിയുമായുള്ള മത്സരം കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം പോഗ്ബയെ യുണൈറ്റഡ് വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മൊറീന്യോ ഒഴിവാക്കിയിരുന്നു. രണ്ടു മാസങ്ങൾക്കു ശേഷം ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് മൊറീന്യോ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടു. പോഗ്ബയുടെ നേതൃത്വത്തിൽ താരങ്ങൾ തനിക്കെതിരെ തിരിഞ്ഞതാണ് ടീമിന്റെ മോശം പ്രകടനത്തിനും തന്റെ പുറത്താക്കലിലേക്കും വഴി വെച്ചതെന്നാണ് മൊറീന്യോയുടെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്.

COPYRIGHT WARNNING !