സതാംപ്ടണെതിരായ മത്സരത്തിൽ ലിവർപൂളിന്റെ രണ്ടാമത്തെ ഗോൾ നേടി ടീമിനെ വിജയത്തിലെത്തിച്ചതോടെ സലാ സ്വന്തമാക്കിയത് ഒരു തകർപ്പൻ റെക്കോർഡ് കൂടിയാണ്. ലിവർപൂളിനു വേണ്ടി രണ്ടാമത്തെ സീസൺ കളിക്കുന്ന ഈജിപ്ഷ്യൻ താരം ക്ലബിനു വേണ്ടി ഏറ്റവും വേഗത്തിൽ അൻപതു പ്രീമിയർ ലീഗ് ഗോളെന്ന നേട്ടമാണ് സ്വന്തമാക്കിയത്. 69 മത്സരങ്ങളിൽ നിന്നും അൻപതു ഗോൾ പ്രീമിയർ ലീഗിൽ കുറിച്ച സലാ 72 മത്സരങ്ങളിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ സ്പാനിഷ് താരം ഫെർണാണ്ടോ ടോറസിന്റെ റെക്കോർഡാണു മറികടന്നത്. മൂന്നാം സ്ഥാനത്തുള്ള ഉറുഗ്വയ് താരം സുവാരസ് എൺപത്തിയാറു മത്സരങ്ങളിൽ നിന്നുമാണ് അൻപതു ഗോൾ നേടിയിട്ടുള്ളത്.

നിരവധി മത്സരങ്ങളായി വല കുലുക്കാൻ പരാജയപ്പെട്ട സലാ ഇന്നലെ ടീമിന്റെ നിർണായക ഗോളാണ് ഒരു പ്രത്യാക്രമണത്തിൽ നിന്നുള്ള ഒറ്റയാൻ മുന്നേറ്റത്തിനു ശേഷം രണ്ടു പ്രതിരോധ താരങ്ങൾക്കിടയിലൂടെയുള്ള ഷോട്ടിലൂടെ സ്വന്തമാക്കിയത്. മത്സരത്തിനു ശേഷം ജേഴ്സിയൂരിയുള്ള താരത്തിന്റെ ഗോളാഘോഷം ട്രൻഡിംഗായി മാറുകയും ചെയ്തു. ഗോളാഘോഷത്തിനിടെ തന്നെ അഭിനന്ദിക്കാനെത്തിയ ലിവർപൂൾ സഹതാരങ്ങളായ റോബർട്സണെയും ഹെൻഡേഴ്സനേയും സമർത്ഥമായി സലാ കബളിപ്പിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പടർന്നു പിടിക്കുന്നത്.

സതാംപ്ടൺ ആദ്യ ഗോൾ നേടിയതിനു ശേഷം മൂന്നു ഗോൾ തിരിച്ചടിച്ചാണ് ലിവർപൂൾ ഇന്നലെ ജയം നേടിയത്. സലാക്കു പുറമേ നബി കെയ്റ്റയും ഹെൻഡേഴ്സനുമാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്. ഇതോടെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ താൽക്കാലികമായി ഒന്നാം സ്ഥാനത്തെത്താൻ ലിവർപൂളിനായി. ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റർ സിറ്റി ലിവർപൂളിന്റെ തൊട്ടു പുറകിൽ തന്നെയുണ്ട്.

COPYRIGHT WARNNING !