ഇടക്കാലത്ത് ഫോം നഷ്ടമാവുന്നതിന്റെ ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കിയിരുന്നെങ്കിലും നിലവിൽ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണ് ആഴ്സനൽ. 2019ൽ കളിച്ച ഒൻപതു പ്രീമിയർ ലീഗ് മത്സരത്തിൽ ഏഴിലും വിജയിച്ച ടീം നിലവിൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ്. ടോപ് സിക്സിലുള്ള മറ്റു ടീമുകളെ അപേക്ഷിച്ച് ഒരു മത്സരം കുറവു കളിച്ച ഗണ്ണേഴ്സിന് നഗര വൈരികളായ ടോട്ടനത്തിനെ മറികടന്ന് മൂന്നാമതെത്താൻ അവസരമുണ്ട്. ഈ സീസണിൽ കിരീട പ്രതീക്ഷയില്ലെങ്കിലും അടുത്ത സീസണിൽ ഏതു ടീമിനെയും വെല്ലുവിളിക്കാൻ ആഴ്സനലിനു കഴിയുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അവസരങ്ങളെ കൃത്യമായി ഗോളിലേക്കു തിരിച്ചു വിടുന്നതിൽ ഈ സീസണിൽ ആഴ്സനലാണ് പ്രീമിയർ ലീഗിൽ മുന്നിൽ നിൽക്കുന്നത്. ടേബിൾ ടോപ്പേഴ്സായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഇക്കാര്യത്തിൽ ആഴ്സനലിനു പിന്നിലാണ്. 281 ഷോട്ടുകളുതിർത്ത് അതിൽ 65 എണ്ണവും ഗോളാക്കി മാറ്റിയ ആഴ്സനലിന്റെ കൺവേർഷൻ റേറ്റ് 23.1 ശതമാനമാണ്. പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന കണക്കാണിത്. 20.1 കൺവേർഷൻ റേറ്റുള്ള ലിവർപൂൾ രണ്ടാം സ്ഥാനത്തും 19.8 ശതമാനം കൺവേർഷൻ റേറ്റുള്ള മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ സീസണിൽ കിരീടമുയർത്തിയ സിറ്റിയേക്കൾ മുന്നിലാണ് ആഴ്സനൽ നിൽക്കുന്നത്. എന്നാൽ മറ്റു ടീമുകളെ അപേക്ഷിച്ച് അവസരങ്ങൾ ഒരുക്കിയെടുക്കുന്നതിൽ ആഴ്സനൽ സ്വൽപം പുറകിലാണെന്നു മാത്രം.

സീസണിന്റെ തുടക്കത്തിൽ വളരെ ചെറിയ ട്രാൻസ്ഫർ ബഡ്ജറ്റ് വച്ചാണ് ആഴ്സനൽ ടീമിനെ ഒരുക്കിയെടുത്തത്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയാൽ പുതിയ താരങ്ങളെ ആഴ്സനൽ ടീമിലെത്തിക്കുമെന്നതുറപ്പാണ്. പ്രതിരോധത്തിലും മധ്യനിരയിലും എമറിയുടെ പദ്ധതികൾക്ക് അനുയോജ്യരായ താരങ്ങളെ എത്തിക്കാൻ കഴിഞ്ഞാൽ അടുത്ത സീസണിലെ കിരീടപ്പോരാട്ടത്തിൽ മറ്റു ടീമുകൾക്ക് വലിയ ഭീഷണിയുയർത്താൻ ആഴ്സനലിനു കഴിയും. 2015/16 സീസണിനു ശേഷം ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ തയ്യാറെടുക്കുന്ന ടീമിന്റെ നിലവിലെ ഫോം അതു തന്നെയാണു വ്യക്തമാക്കുന്നത്.

COPYRIGHT WARNNING !