ഇറ്റാലിയൻ സീരി എയിലെ വമ്പന്മാരുടെ പോരാട്ടത്തിൽ എസി മിലാനെ പിന്നിൽ നിന്നും പൊരുതി കീഴടക്കി യുവന്റസ്. ആദ്യ പകുതിയിൽ ഒരു ഗോളിനു മുന്നിലായിരുന്ന മിലാൻ രണ്ടാം പകുതിയിൽ രണ്ടു ഗോൾ വഴങ്ങി തോൽവി നേരിടുകയായിരുന്നു. ലീഗ് ടോപ് സ്കോറർമാരിലൊരാളായ പിയാടക് എ സി മിലാന്റെ ഗോൾ നേടിയപ്പോൾ പൗളോ ഡിബാലയും ഇറ്റലിയുടെ അത്ഭുത ബാലൻ മോയ്സ് കീനുമാണ് യുവന്റസിന്റെ ഗോളുകൾ നേടിയത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള നാപോളിയേക്കാൾ 21 പോയിന്റ് മുന്നിലാണ് യുവന്റസ്.

റൊണാൾഡോയില്ലാത്തതിന്റെ പോരായ്മകൾ യുവന്റസ് പ്രകടമാക്കിയപ്പോൾ മിലാനാണ് ആദ്യ പകുതിയിൽ മുന്നിട്ടു നിന്നത്. ആദ്യ ഗോൾ നേടാൻ പിയാടകിന് നല്ലൊരു അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡർ പുറത്തു പോയി. അതിനു പിന്നാലെ അലക്സ് സാൻഡ്രോയുടെ കയ്യിൽ പന്തു തട്ടിയതിന് പെനാൽറ്റിക്കു വേണ്ടി മിലാൻ വാദിച്ചെങ്കിലും വാർ റിവ്യൂ പെനാൽട്ടി നിഷേധിച്ചു. മുപ്പത്തിയൊൻപതാം മിനുട്ടിൽ ചെൽസി ലോണി ബക്കയോയുടെ പാസിൽ നിന്നും പിയാടകാണ് മിലാനെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയവസാനിക്കുന്നതിനു മുൻപ് മാൻഡ്സൂകിച്ചിന്റെ തകർപ്പൻ ബൈസിക്കിൾ കിക്ക് മിലാൻ ഗോളി റെയ്ന തട്ടിയകറ്റുകയും ചെയ്തു.

ആദ്യ പകുതിയിൽ പതറിയെങ്കിലും അതിന്റെ മുഴുവൻ ക്ഷീണവും മാറ്റുന്ന പ്രകടനമാണ് രണ്ടാം പകുതിയിൽ യുവന്റസ് കാഴ്ച വെച്ചത്. നിരവധി മുന്നേറ്റങ്ങൾ നടത്തിയ യുവന്റസ് അറുപതാം മിനുട്ടിൽ ഒപ്പമെത്തി. തന്നെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ഡിബാലയാണ് യുവന്റസിനെ ഒപ്പമെത്തിച്ചത്. ഡിബാലക്കു പകരക്കാരനായിറങ്ങിയ പത്തൊൻപതുകാരൻ താരം മോയ്സ് കീൻ എൺപത്തിനാലാം മിനുട്ടിൽ ലക്ഷ്യം കണ്ടതോടെ യുവന്റസ് മുന്നിലെത്തി. അവസാന നിമിഷം ഒപ്പമെത്താനുള്ള സുവർണാവസരം ചലനോഹ്ലുവിനു ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് സെസനി രക്ഷപ്പെടുത്തി.

COPYRIGHT WARNNING !