സ്പാനിഷ് ലീഗിലെ നിർണായക പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിനെ സ്വന്തം മൈതാനത്തു തകർത്ത് ബാഴ്സലോണ കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോയെ തറപറ്റിച്ചത്. ഒരു മണിക്കൂറിലധികം പത്തു പേരായി കളിക്കേണ്ടി വന്ന അത്ലറ്റികോ ഗോൾ നേടുന്നതിൽ നിന്നും ബാഴ്സലോണയെ തടയാൻ ഒരു പരിധി വരെ വിജയിച്ചെങ്കിലും എൺപത്തിനാലാം മിനുട്ടിൽ സുവാരസ് നേടിയ ഗോൾ മത്സരത്തിന്റെ ഗതി മാറ്റുകയായിരുന്നു. പിന്നാലെ മെസിയും ഗോൾ കണ്ടെത്തിയതോടെ ജയം സ്വന്തമാക്കിയ ബാഴ്സ അത്ലറ്റികോയുമായി പതിനൊന്നു പോയിന്റ് വ്യത്യാസത്തിലാണ് ഇപ്പോൾ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

ബാഴ്സക്ക് നേരിയ മുൻതൂക്കം അവകാശപ്പെടാമെങ്കിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പമുള്ള മത്സരമാണു ആദ്യ പകുതിയുടെ തുടക്കത്തിൽ കാഴ്ച വെച്ചത്. ആൽബയുടെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തു പോയതും ക്ലോസ് റേഞ്ചിൽ നിന്നും ഷോട്ടുതിർക്കാൻ കുട്ടിന്യോക്കു ലഭിച്ച അവസരം ഒബ്ലക്കിന്റെ കൈകളിലൊതുങ്ങിയതും ബാഴ്സയുടെ മേധാവിത്വം കാണിക്കുന്നതായിരുന്നു. മറുവശത്ത് അത്ലറ്റികോയും ചില അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാനായില്ല. കളിയുടെ ഒഴുക്കിനെ ഇല്ലാതാക്കിയാണ് റഫറിയെ തെറി പറഞ്ഞതിന് ഇരുപത്തിയെട്ടാം മിനുട്ടിൽ ഡീഗോ കോസ്റ്റക്കു ചുവപ്പുകാർഡ് ലഭിക്കുന്നത്. പത്തു പേരായി ചുരുങ്ങിയ അത്ലറ്റികോ പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞതോടെ ഗോളിലേക്കുള്ള മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ബാഴ്സയും പുറകോട്ടു പോവുകയായിരുന്നു.

രണ്ടാം പകുതിയിൽ ബാഴ്സയുടെ അപ്രമാദിത്വമായിരുന്നു മൈതാനത്തു കണ്ടത്. നിരവധി അവസരങ്ങൾ തുറന്നെടുക്കാൻ ബാഴ്സക്കു കഴിഞ്ഞെങ്കിലും അതലറ്റികോ പ്രതിരോധവും ഒബ്ലക്കും ചേർന്ന് അതെല്ലാം വിഫലമാക്കി. പ്രത്യാക്രമണങ്ങളിൽ നിന്നും ബോക്സിനടുത്തു വച്ച് ഫൗൾ നേടി സെറ്റ് പീസുകളിൽ നിന്നും ഗോൾ നേടുകയെന്ന അതലറ്റികോയുടെ തന്ത്രം ഇടക്ക് ബാഴ്സലോണക്കും ഭിഷണിയുയർത്തിയിരുന്നു. സമർത്ഥമായി പ്രതിരോധിച്ച അത്ലറ്റികോയുടെ മുഴുവൻ പ്രതീക്ഷകളും ഇല്ലാതാക്കിയാണ് എൺപത്തിനാലാം മിനുട്ടിൽ ബോക്സിനു പുറത്തു നിന്നുള്ള ഷോട്ടിലൂടെ സുവാരസ് വല കുലുക്കുന്നത്. അതിന്റെ പതർച്ചയിൽ നിന്നും അത്ലറ്റികോ കരകയറുന്നതിനു മുൻപു തന്നെ ഒരു പ്രത്യാക്രമണത്തിൽ നിന്നും മെസിയും ഗോൾ കണ്ടെത്തിയതോടെ തിരിച്ചു വരാമെന്നുള്ള അത്ലറ്റികോയുടെ പ്രതീക്ഷകൾ പൂർണമായും ഇല്ലാതായി.

Featured Image Credit: UEFA Champions League Twitter

COPYRIGHT WARNNING !