കഴിഞ്ഞ മത്സരത്തിൽ വലൻസിയയോടേറ്റ തോൽവിയിൽ നിന്നും തിരിച്ചു വന്ന് ഐബാറിനെതിരായ ലാലിഗ മത്സരത്തിൽ വിജയം നേടിയെങ്കിലും അത്ര സന്തോഷിക്കാൻ വകയുള്ളതായിരുന്നില്ല റയൽ മാഡ്രിഡിന്റെ പ്രകടനം. ലാലിഗയിൽ പതിനൊന്നാം സ്ഥാനത്തുള്ള ടീമിനെതിരെ ആദ്യ പകുതിയിൽ മുഴുവൻ ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ചാണ് റയൽ വിജയം നേടിയത്. എന്നാൽ റയലിന്റെ നിലവിലെ മോശം പ്രകടനം സ്വാഭാവികമാണെന്നാണ് പരിശീലകനായ സിദാൻ പറയുന്നത്. ഈ സീസണിൽ ഒരു കിരീടത്തിനും സാധ്യതയില്ലാത്തതു കൊണ്ടാണ് റയൽ മൈതാനത്ത് പതറുന്നതെന്നാണ് സിദാൻ ഇന്നലത്തെ മത്സരത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ അഭിപ്രായപ്പെട്ടത്.

”ഈ സീസൺ അവസാനിക്കുമ്പോൾ റയലിന് നേടാൻ ഒരു കിരീടം പോലുമില്ലെന്ന കാര്യം ഏവർക്കുമറിയാം. ഒന്നിനും വേണ്ടിയല്ലാതെ വെറുതെ കളിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതു കൊണ്ടു തന്നെ ടീമിലെ താരങ്ങളെ പ്രചോദിപ്പിക്കുകയെന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഐബാറിനെതിരെ ആദ്യ പകുതിയിൽ ടീം മോശം പ്രകടനമാണു കാഴ്ച വെച്ചത്. എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചു വരാൻ ടീമിനു കഴിഞ്ഞു. ഐബാറിനെതിരെ ആദ്യ പകുതിയിൽ നടത്തിയ പോലൊരു പ്രകടനം റയൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം.” സിദാൻ പറഞ്ഞു.

അതേ സമയം ഇടവേളയിൽ സിദാൻ പറഞ്ഞ വാക്കുകളാണു മത്സരം വിജയിക്കാൻ തങ്ങൾക്കു പ്രചോദനം നൽകിയതെന്നാണ് റയലിന്റെ ലെഫ്റ്റ് ബാക്ക് റിഗ്വിയിലോൺ പറയുന്നത്. ശാന്തരായി കളിക്കാനാവശ്യപ്പെട്ട സിദാൻ തങ്ങൾക്കു സമ്മർദ്ദമൊന്നും നൽകിയില്ലെന്ന് റിഗ്വിയിലോൺ പറഞ്ഞു. നിലവിൽ റയലിനു ചെറിയ പതർച്ചയുണ്ടെങ്കിലും അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങളായാണ് ഈ മത്സരങ്ങളെ കാണുന്നതെന്നും റിഗ്വിയിലോൺ പറഞ്ഞു.

COPYRIGHT WARNNING !