ഇന്നലെ ബാഴ്സലോണക്കെതിരെ നടന്ന ലാലിഗ മത്സരത്തിൽ റഫറിക്കെതിരെ അസഭ്യവാക്കുകൾ പറഞ്ഞ അത്ലറ്റികോ മാഡ്രിഡ് താരം ഡീഗോ കോസ്റ്റയെ കാത്തിരിക്കുന്നത് വമ്പൻ വിലക്ക്. സ്പാനിഷ് മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം ലാലിഗയിലെ അടുത്ത എട്ടു മത്സരങ്ങളിൽ ഡീഗോ കോസ്റ്റയെ വിലക്കാൻ സാധ്യതയുണ്ട്. അങ്ങിനെയാണെങ്കിൽ ഈ സീസണിൽ ഇനി ബാക്കിയുള്ള ഏഴു ലാലിഗ മത്സരങ്ങളും അടുത്ത സീസണിലെ ആദ്യത്തെ മത്സരവും താരത്തിനു നഷ്ടമാകും. വരും ദിവസങ്ങളിൽ ഇതിന്റെ നടപടികളുമായി ലാലിഗ അധികാരികൾ മുന്നോട്ടു പോവും.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിക്കൊണ്ടിരുന്ന മത്സരത്തിന്റെ രസച്ചരടു മുറിച്ചാണ് ഇരുപത്തിയെട്ടാം മിനുട്ടിൽ കോസ്റ്റ നേരിട്ടു ചുവപ്പുകാർഡ് വാങ്ങി പുറത്തു പോകുന്നത്. റഫറിയെയും അവരുടെ അമ്മയേയും അധിക്ഷേപിക്കുന്ന രീതിയിൽ അസഭ്യം പറഞ്ഞതിനാണ് സ്പാനിഷ് താരത്തിനു നേരെ റഫറി ചുവപ്പു പുറത്തെടുത്തത്. ചുവപ്പുകാർഡ് നേടിയതിനു ശേഷവും റഫറിയുമായി കോസ്റ്റ തർക്കിച്ചു നിന്നിരുന്നു. കോസ്റ്റ പുറത്തു പോയതോടെ പത്തു പേരായി ചുരുങ്ങിയ അത്ലറ്റികോ എൺപത്തിയഞ്ചാം മിനുട്ടു വരെ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നെങ്കിലും അതിനു ശേഷം സുവാരസും മെസിയും നേടിയും ഗോളിൽ ബാഴ്സ വിജയം നേടുകയായിരുന്നു.

മത്സരത്തിൽ ജയം നേടിയതോടെ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോയുമായി പതിനൊന്നു പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബാഴ്സ ലാലിഗ കിരീടം ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. കഴിഞ്ഞ പതിനൊന്നു വർഷത്തിനിടെ ബാഴ്സ എട്ടാമത്തെ ലാലിഗ കിരീടത്തിലേക്കാണു കുതിക്കുന്നത്. എന്നാൽ ഏതാനും മത്സരങ്ങൾ കൂടി ബാഴ്സക്കു ഭീഷണിയായുണ്ടെന്നും അതിനു ശേഷം ടീമിനു ചാമ്പ്യൻസ് ലീഗിലേക്കു പൂർണമായും ശ്രദ്ധ തിരിക്കാമെന്നുമാണ് പരിശീലകൻ വാൽവെർദെ പറയുന്നത്.

COPYRIGHT WARNNING !