ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്കുള്ള കുതിപ്പിനിടയിൽ വീണ്ടും ഇടറി വീണ് ആഴ്സനൽ. ഇന്നു നടന്ന മത്സരത്തിൽ എവർട്ടണോടാണ് ആഴ്സനൽ തോൽവി വഴങ്ങിയത്. ആദ്യ പകുതിയിൽ നേടിയ ഒരു ഗോളിനാണ് എവർട്ടൺ സ്വന്തം മൈതാനത്ത് ജയം നേടിയത്. ഇന്നത്തെ മത്സരത്തിൽ ജയം കൈവിട്ടതോടെ പോയിന്റ് ടേബിളിൽ ടോട്ടനത്തിനെ മറികടന്ന് മുന്നിലെത്താനുള്ള സുവർണാവസരം ആഴ്സനൽ തുലക്കുകയും ചെയ്തു. ഇനി ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്കെത്തണമെങ്കിൽ എല്ലാ മത്സരങ്ങളിലും ആഴ്സനലിന് ജയം കൂടിയേ തീരു. 64 പോയിന്റുള്ള ടോട്ടനം, 63 പോയിന്റുള്ള ചെൽസി, 61 പോയിന്റുള്ള യുണൈറ്റഡ് എന്നിവരാണ് 63 പോയിന്റുമായി നാലാം സ്ഥാനത്തു നിൽക്കുന്ന ആഴ്സനലിനൊപ്പം ചാമ്പ്യൻസ് ലീഗ് യോഗ്യതക്കു പോരാടുന്നത്.

ഇരു ടീമുകളും ആദ്യ പകുതിയിൽ മികച്ച കളി പുറത്തെടുക്കാൻ പരാജയമായിരുന്നെങ്കിലും എവർട്ടണ് നേരിയ മുൻതൂക്കം മത്സരത്തിലുണ്ടായിരുന്നു. മധ്യനിരയിൽ റാംസിയെ ഇറക്കാതിരുന്ന എമറിയുടെ തീരുമാനം തിരിച്ചടിയായപ്പോൾ ആഴ്സനലിന്റെ മുന്നേറ്റങ്ങൾക്കു മൂർച്ച കുറഞ്ഞു. പത്താം മിനുട്ടിലാണ് ആഴ്സനലിനെ ഞെട്ടിച്ച ഗോൾ വരുന്നത്. ഒരു കോർണർ ക്ലിയർ ചെയ്യുന്നതിൽ ആഴ്സനൽ പ്രതിരോധം പരാജയപ്പെട്ടപ്പോൾ പന്തു വലയിലേക്കു തട്ടിയിടേണ്ട ചുമതലയേ ഫിൽ ജാഗിയേൽക്കക്കുണ്ടായിരുന്നുള്ളു. ഗോൾ നേടിയതിനു ശേഷം മികച്ച രീതിയിൽ പ്രതിരോധിച്ച എവർട്ടണ് വലിയ രീതിയിൽ ഭീഷണിയുയർത്താൻ ആദ്യ പകുതിയിൽ ആഴ്സനലിനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റാംസി, ഓബമയാങ്ങ് എന്നീ താരങ്ങളെ ആഴ്സനൽ കളത്തിലിറക്കി. ആദ്യ പകുതിയെ അപേക്ഷിച്ച് ഇത് ആഴ്സനൽ മുന്നേറ്റങ്ങൾക്കു ശക്തി പകർന്നെങ്കിലും എവർട്ടൺ പ്രതിരോധത്തെ തകർക്കാൻ ടീമിനായില്ല. അതേ സമയം പ്രത്യാക്രമണങ്ങിലൂടെ മികച്ച നീക്കങ്ങൾ നടത്തിയ എവർട്ടനെ തടയാൻ ആഴ്സനൽ നന്നായി വിയർക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടു കൂടിയാണ് രണ്ടാം പകുതിൽ ആഴ്സനൽ ഗോൾ വഴങ്ങാതിരുന്നത്. വിജയം നേടണമെന്ന ആവേശം താരങ്ങൾ കളിക്കളത്തിൽ പ്രകടിപ്പിക്കാതിരുന്നതും ആഴ്സനലിന്റെ പരാജയത്തിനു കാരണമായി.

Featured Image Credit: Squawka Football Twitter

COPYRIGHT WARNNING !