കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സയിലെത്തുമെന്ന് ഉറപ്പിച്ച താരമായിരുന്നു ഗ്രീസ്മൻ. ബാഴ്സയുമായി ട്രാൻസ്ഫറുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നെങ്കിലും അവസാന നിമിഷം താരം മനസു മാറ്റുകയായിരുന്നു. തന്റെ ഭാവിയെ സംബന്ധിച്ച തീരുമാനം ലോകകപ്പിനു മുൻപ് അറിയിക്കാമെന്ന ഗ്രീസ്മന്റെ വാക്കുകൾ കേട്ട് പ്രതീക്ഷയോടെ ബാഴ്സ ആരാധകർ കാത്തിരുന്നെങ്കിലും അവർ ആഗ്രഹിച്ചതായിരുന്നില്ല താരത്തിന്റെ തീരുമാനം. ബാഴ്സയിലേക്കുള്ള ട്രാൻസ്ഫർ ഒഴിവാക്കി അത്ലറ്റികോയിൽ തന്നെ തുടരാൻ ഗ്രീസ്മൻ തീരുമാനിച്ചപ്പോൾ ഉയർന്ന ബാഴ്സ ആരാധകരുടെ രോഷം അവർ തീർത്തത് കഴിഞ്ഞ മത്സരത്തിനു താരം ക്യാമ്പ് നൂവിൽ കളിക്കാനെത്തിയപ്പോഴാണ്.

മത്സരത്തിനിടയിൽ ഗ്രീസ്മാനെതിരായ മുദ്രാവാക്യങ്ങൾ കൊണ്ടു മുഖരിതമായിരുന്നു ക്യാമ്പ് നൂ. താരം പന്തു തൊടുമ്പോഴെല്ലാം ആരാധകർ താരത്തെ കൂക്കി വിളിച്ചു. സ്റ്റേഡിയത്തിന്റെ ചില ഭാഗങ്ങളിൽ നിന്നായിരുന്നു താരത്തിനെതിരായ രോഷം കൂടുതൽ ഉയർന്നത്. ഒരു തവണ കോർണറുടുക്കാൻ താരം നിൽക്കുമ്പോൾ ഗ്രീസ്മനോട് ക്യാമ്പ് നൂവിൽ നിന്നും ഇറങ്ങിപ്പോവാനും ആരാധകർ മുദ്രാവാക്യത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ സീസണിൽ ലാലിഗയിൽ ഇരു ടീമുകളും തമ്മിൽ നടന്ന അവസാന മത്സരത്തിൽ ഗ്രീസ്മനെ ഹാർദ്ദവമായി സ്വാഗതം ചെയ്ത ക്യാമ്പ് നൂവാണ് കഴിഞ്ഞ ദിവസം താരത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.

മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ ബാഴ്സലോണ രണ്ടു ഗോളുകൾക്കു വിജയം നേടിയത് ബാഴ്സലോണ ആരാധകർക്ക് ഇരട്ടി മധുരമായി. അതേ സമയം ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലും ഗ്രീസ്മൻ ബാഴ്സയിലെത്തുമെന്ന വാർത്തകൾ ശക്തമാണ്. അത്ലറ്റികോ മാഡ്രിഡ് ഈ സീസണിലെ കിരീടപ്പോരാട്ടങ്ങളിൽ നിന്നും പുറത്തായതോടെയാണ് ഇതു സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടുമുയർന്നത്. എന്നാൽ ഫ്രഞ്ച് താരം അത്ലറ്റികോക്കൊപ്പം തന്നെ തുടരുമെന്നാണു അത്ലറ്റികോ മാഡ്രിഡ് പ്രസിഡന്റ് വ്യക്തമാക്കിയത്.

COPYRIGHT WARNNING !