ഒരിടവേളക്കു ശേഷം ഇന്റർമിലാൻ ടീമിലേക്കു തിരിച്ചെത്തിയെങ്കിലും ഇകാർഡിയോടു പൊറുക്കാൻ ആരാധകർ തയ്യാറായിട്ടില്ല. താരത്തെ ഒഴിവാക്കണമെന്നും ടീമിലുൾപ്പെടുത്തുന്നത് നിർത്തണമെന്നുമാണ് ഇറ്റാലിയൻ ക്ലബിന്റെ ആരാധകർ ആവശ്യപ്പെടുന്നത്. ഇന്റർ മിലാന്റെ തീവ്ര ആരാധക ഗ്രൂപ്പായ കർവ നോർദ് ആണ് ഔദ്യോഗികമായി തന്നെ ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം അത്ലാന്റക്കെതിരെ നടന്ന ഇന്റർ മിലാന്റെ മത്സരത്തിനു മുൻപാണ് ഇക്കാര്യം ആരാധകക്കൂട്ടായ്മ അറിയിച്ചത്.

ക്ലബ് നേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇകാർഡി കുറച്ചു കാലമായി ടീമിൽ നിന്നും പുറത്തായിരുന്നു. ഇതേത്തുടർന്ന് താരത്തെ ഇന്റർ നായകസ്ഥാനത്തു നിന്നും നീക്കി. ഇക്കാലയളവിൽ ടീമിലുൾപ്പെടുത്തിയ ചില മത്സരങ്ങളിൽ തനിക്കു പരിക്കാണെന്ന് പറഞ്ഞ് ഇകാർഡി സ്വയം പിന്മാറുകയും ചെയ്തിരുന്നു. പ്രശ്നങ്ങൾ പിന്നീട് പരിഹരിക്കപ്പെട്ടതിനു ശേഷം ഇൻററിനു വേണ്ടി രണ്ടു മത്സരങ്ങൾ കളിച്ച ഇകാർഡി ഒരു ഗോളും നേടിയിരുന്നു. എന്നാൽ സ്വന്തം കുഴി തോണ്ടിയ താരത്തെ ഇനി ടീമിൽ കളിപ്പിക്കേണ്ടെന്ന നിലപാടാണ് ആരാധകർക്കുള്ളത്.

ഇൻററുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെങ്കിലും ഈ സീസണു ശേഷം ഇകാർഡി ടീം വിടുമെന്ന സൂചനകൾ ശക്തമാണ്. റയൽ മാഡ്രിഡിനാണ് താരത്തെ സ്വന്തമാക്കാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി ടീമുകളും താരത്തിനു വേണ്ടി ശ്രമം നടത്തിയിരുന്നു. നൂറു ദശലക്ഷം യൂറോയാണ് ഇരുപത്തിയഞ്ചുകാരനായ താരത്തിനു വേണ്ടി ക്ലബുകൾ മുടക്കേണ്ടി വരുക.

COPYRIGHT WARNNING !