സ്പാനിഷ് ലീഗിൽ മറ്റൊരു തകർപ്പൻ സീസൺ പൂർത്തിയാക്കാനൊരുങ്ങുകയാണ് ബാഴ്സലോണ. ലീഗിൽ ഏഴു മത്സരം മാത്രം ബാക്കി നിൽക്കെ എഴുപത്തിമൂന്നു പോയിന്റുള്ള ടീം രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡിനെതിരെ പതിനൊന്നു പോയിന്റ് വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. പതിനൊന്നു വർഷത്തിനിടെ എട്ടാമത്തെ ലാലിഗ കിരീടം നേടാൻ ബാഴ്സക്കു കരുത്തു പകരുന്നത് മെസിയുടെയും സുവാരസിന്റെയും ഗോളടി മികവാണ്. ഇരുവരും ചേർന്ന് അൻപത്തിമൂന്നു ഗോളുകളാണ് ഈ സീസണിൽ ലീഗിൽ അടിച്ചു കൂട്ടിയിരിക്കുന്നത്. മെസി മുപ്പത്തിമൂന്നും സുവാരസ് ഇരുപതും ഗോളുകൾ ഇതുവരെ നേടിയിട്ടുണ്ട്. ആശ്ചര്യപ്പെടുത്തുന്ന സംഗതിയെന്താണെന്നു വെച്ചാൽ ലാലിഗയിൽ കളിക്കുന്ന ഇരുപതിൽ പതിനെട്ടു ടീമുകളും ഗോൾ വേട്ടയിൽ മെസിക്കും സുവാരസിനും പിന്നിലാണെന്നതാണ്.

ബാഴ്സലോണയും റയൽ മാഡ്രിഡും മാത്രമാണ് മെസി- സുവാരസ് സഖ്യത്തെക്കാൾ ലാലിഗയിൽ ഗോളുകൾ നേടിയിരിക്കുന്ന ടീമുകൾ. ബാഴ്സലോണ എൺപത്തിയൊന്നു ഗോളുകളാണു ലീഗിൽ കുറിച്ചത്. അതേ സമയം റയൽ മാഡ്രിഡ് മെസി- സുവാരസ് സഖ്യത്തേക്കാൾ രണ്ടു ഗോളുകൾ മാത്രമാണു കൂടുതൽ നേടിയിരിക്കുന്നത്. 51 ഗോളുകൾ നേടിയ സെവിയ്യയാണു മൂന്നാം സ്ഥാനത്ത് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോയും തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന സെൽറ്റ വിഗോയും ഗോൾവേട്ടയിൽ നാലാം സ്ഥാനത്താണ്. നാൽപത്തിയഞ്ചു ഗോളുകളാണ് ഇരു ടീമുകളും സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും കുറവു ഗോൾ വഴങ്ങിയ ടീം അത്ലറ്റികോയും കൂടുതൽ വഴങ്ങിയിരിക്കുന്നത് ലെവന്റയുമാണ്.

ഗോൾവേട്ടയിൽ മെസി ഒറ്റക്ക് രണ്ടു ലാലിഗ ടീമുകളെ മറികടന്നിട്ടുണ്ട്. 24 ഗോളുകൾ മാത്രം നേടിയ റയൽ വയ്യഡോളിഡിനെയും 32 ഗോളുകൾ നേടിയ അലാവസിനെയുമാണ് മെസി മറികടന്നത്. വലൻസിയ, അത്ലറ്റിക് ക്ലബ്, ജിറോണ ടീമുകൾ 33 ഗോൾ നേടി മെസിക്കൊപ്പമാണു നിൽക്കുന്നത്.

COPYRIGHT WARNNING !