ലണ്ടൻ ടീമുകൾ തമ്മിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ വെസ്റ്റ്ഹാമിനെ കീഴടക്കി ചെൽസി. ബെൽജിയൻ സൂപ്പർ താരം ഹസാർഡിന്റെ മാസ്മരിക പ്രകടനമാണ് ചെൽസിക്ക് വിജയമൊരുക്കിയത്. ആദ്യ പകുതിയിൽ നേടിയ അത്ഭുത ഗോളിനു പുറമേ രണ്ടാം പകുതിയുടെ അവസാന മിനുട്ടിലും താരം വലകുലുക്കിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ഇതോടെ താൽക്കാലികമായി ചെൽസി പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തെത്തി.

ചെൽസിയുടെ കയ്യിൽ തന്നെയായിരുന്നു മത്സരത്തിലെ ആദ്യ പകുതി. അച്ചടക്കമുള്ള കളി താരങ്ങൾ കാഴ്ച വെച്ചപ്പോൾ ആദ്യ പകുതിയിൽ ഒരു ഷോട്ട് മാത്രമാണ് വെസ്റ്റ്ഹാമിന് ഉതിർക്കാൻ കഴിഞ്ഞത്. ഇരുപത്തിനാലാം മിനുട്ടിലാണ് ഹസാർഡിന്റെ ഗോൾ പിറക്കുന്നത്. മധ്യവരക്കടുത്തു നിന്നും ലോഫ്ടസ് ചീക്ക് നീട്ടിയ പന്ത് സ്വീകരിച്ച താരം മിന്നൽ വേഗത്തിൽ അഞ്ചോളം വെസ്റ്റ് ഹാം താരങ്ങളെ മറികടന്ന് വല കുലുക്കുകയായിരുന്നു. ഹിഗ്വയ്ൻ, ലോഫ്ടസ് ചീക്ക് അടക്കമുള്ള താരങ്ങൾക്ക് ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നിലയുയർത്താൻ കഴിഞ്ഞില്ല.

ആദ്യ പകുതിയെ അപേക്ഷിച്ച് ചെൽസി രണ്ടാം പകുതിയിൽ മോശമായിരുന്നു. മുന്നേറ്റനിരയിൽ ധാരണയില്ലായ്മ പ്രകടമായപ്പോൾ പല നീക്കങ്ങളും ഗോളിലേക്കെത്തിയില്ല. അതേ സമയം വെസ്റ്റ്ഹാം കൃത്യമായ രീതിയിൽ ആക്രമണങ്ങൾ സംഘടിപ്പിച്ചു കൊണ്ടിരുന്നു. ചെൽസി ഗോൾകീപ്പർ കെപയാണ് പലപ്പോഴും ടീമിനെ രക്ഷിച്ചത്. വിജയമുറപ്പിക്കാൻ വേണ്ടി ബാർക്ലി, ജിറൂദ്, പെഡ്രോ എന്നിവരെ സാറി കളത്തിലിറക്കിയതിനു തൊണ്ണൂറാം മിനുട്ടിലാണ് ഫലം കണ്ടത്. ബാർക്ലിയുടെ പാസ് മാർക് ചെയ്യപ്പെടാതെ നിന്ന ഹസാർഡിനെ തേടിയെത്തിയപ്പോൾ ഒരു ഗ്രൗണ്ടറിലൂടെ വല കുലുക്കി ബെൽജിയൻ താരം ചെൽസിയുടെ വിജയമുറപ്പിച്ചു.

Feature Image Credit: Premier League Twitter

COPYRIGHT WARNNING !