ലിവർപൂളിനൊപ്പം താൻ ഏറ്റെടുത്ത ജോലി ഇതുവരെ തീർന്നിട്ടില്ലെന്നു പറഞ്ഞ് ബയേൺ ട്രാൻസ്ഫർ അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ് യർഗൻ ക്ലോപ്പ്. കഴിഞ്ഞ ദിവസം മുൻ ബയേൺ പ്രസിഡൻറും ജർമൻ ഇതിഹാസവുമായ ഫ്രാൻസ് ബെക്കൻബോവർ നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുമ്പോഴാണ് ക്ലോപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഡോർട്മുണ്ടിനൊപ്പം മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള ക്ലോപ്പിന് ജർമൻ ടീമിനെ വേഗമേറിയ കേളീശൈലി പഠിപ്പിക്കാൻ കഴിയുമെന്നായിരുന്നു ബെക്കൻബോവറിന്റെ പരാമർശം.

“2022 വരെ എനിക്കു ലിവർപൂളുമായി കരാറുണ്ട്. അതു കാൻസൽ ചെയ്യണമെന്ന ആഗ്രഹം ആർക്കുമില്ല. എന്റെയോ ലിവർപൂൾ നേതൃത്വത്തിന്റെയോ ഭാഗത്തു നിന്നും അത്തരമൊരു നീക്കം ഉണ്ടായിട്ടില്ല. ബെക്കൻബോവർ എന്റെ കാര്യം പറഞ്ഞിരിക്കാം. എന്നാൽ അതു സംഭവിക്കുമെന്ന് അതിനർത്ഥമില്ല. ലിവർപൂളിനൊപ്പമുള്ള എന്റെ പ്രൊജക്ട് ഇനിയും പൂർത്തിയായിട്ടില്ല. ഇനിയും വളരെക്കാലം ഇവിടെ തുടരാനാകുമെന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്.” ക്ലോപ്പ് പറഞ്ഞു.

2015ലാണ് ലിവർപൂൾ പരിശീലകനായി ക്ലോപ്പ് ചുമതലയേൽക്കുന്നത്. അതിനു ശേഷം ലിവർപൂൾ വളരെയധികം മുന്നോട്ടു പോയിട്ടുണ്ടെങ്കിലും ഇതുവരെയും ഒരു കിരീടം സ്വന്തമാക്കാൻ അവർക്കായിട്ടില്ല. ഒരിക്കൽ യൂറോപ്പ ലീഗ് ഫൈനലിലും ഒരിക്കൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലും അവർ കീഴടങ്ങി. ഈ സീസണിൽ പ്രീമിയർ ലീഗിലോ ചാമ്പ്യൻസ് ലീഗിലോ കിരീടമുയർത്താമെന്ന പ്രതീക്ഷയിലാണ് ലിവർപൂൾ.

COPYRIGHT WARNNING !