ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ് ഇന്നലെ വെസ്റ്റ്ഹാമിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ചെൽസി താരം ഇഡൻ ഹസാർഡ് നേടിയത്. ഗോൾ പോസ്റ്റിനു നാൽപതു വാരയോളം അകലെ നിന്നു ലോഫ്ടസ് ചീക്കിൽ നിന്നും പന്തു വാങ്ങിയ താരം അഞ്ചു പ്രതിരോധ താരങ്ങളെ മിന്നൽവേഗത്തിൽ മറികടന്നാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ഗോൾ നേടിയതിനു ശേഷം തലക്കിരു വശവും കൈകൾ വച്ചു കൊണ്ടുള്ള ഹസാർഡിന്റെ ഗോളാഘോഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അർജൻറീനയുടെ എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിലൊരാളായ റിക്വൽമിക്കുള്ള ആദരവായിരുന്നു ഹസാർഡിന്റെ ഗോളാഘോഷം.

ദിവസങ്ങൾക്കു മുൻപ് റിക്വൽമി ഹസാർഡിന് അർജന്റീനിയൻ ക്ലബായ ബൊക്ക ജൂനിയേഴ്സിന്റെ ജേഴ്സി സമ്മാനമായി അയച്ചു നൽകിയിരുന്നു. കളിക്കളത്തിലെ ജീനിയസായ താരത്തിന് അഭിനന്ദനങ്ങൾ എന്നു സ്വന്തം കൈപ്പടയിലെഴുതിയാണ് റിക്വൽമി ജേഴ്സി ഹസാർഡിനു ജേഴ്സി സമ്മാനിച്ചത്. ഇതിനു ഹസാർഡ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പുറകേയാണ് താൻ നേടിയ മാന്ത്രിക ഗോളിന്റെ ആഘോഷത്തിലും ഹസാർഡ് റിക്വൽമിയെ ഓർമിച്ചത്. ഹസാർഡിന്റെ ആരാധനാ പാത്രങ്ങളിലൊരാളാണ് റിക്വൽമി.

മത്സരത്തിൽ ചെൽസിയുടെ രണ്ടു ഗോളുകളും ഹസാർഡാണു നേടിയത്. ഇതോടെ പ്രീമിയർ ലീഗ് ഗോളുകളുടെ എണ്ണത്തിൽ ബെൽജിയൻ താരം ക്രിസ്ത്യാനോ റൊണാൾഡോയെ മറികടന്നു. ഹസാർഡിന് 85ഉം റൊണാൾഡോക്ക് 84ഉം ഗോളുകളാണ് പ്രീമിയർ ലീഗിലുള്ളത്. ഇന്നലത്തെ മത്സരത്തിൽ ജയം നേടിയതോടെ താൽക്കാലികമായി ചെൽസി പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

COPYRIGHT WARNNING !