നൂറു മില്യണോക്കെ ഹസാർഡിന് ലഭിക്കുന്ന നിസാരതുകയെന്ന് ചെൽസി കോച്ച് മൗറിസിയോ സരി. ഹസാർഡ് നൂറു മില്യൺ പൗണ്ടിനേക്കാൾ എത്രെയോ അർഹിക്കുന്നുവെന്നും സരി കൂട്ടിച്ചേർത്തു. ഇന്നലത്തെ വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ ഹസാർഡിന്റെ മികവിൽ ജയം നേടിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ രണ്ട് തകർപ്പൻ ഗോളുകൾ നേടി ടീമിനെ വിജയതീരമണിയിച്ച ഹസാർഡിനെ വാനോളം പുകഴ്ത്താനും സരി മറന്നില്ല.

” നൂറു മില്യൺ പൗണ്ട് എന്നത് ഹസാർഡിന് ലഭിക്കുന്ന നിസാരതുകയാണ്. കഴിഞ്ഞ ട്രാൻസ്ഫറുകളിൽ താരങ്ങൾക്ക് ലഭിക്കുന്ന തുകകൾ നാം കണ്ടതാണ്. അതിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഹസാർഡിന്റെ തുക ഇനിയും എത്രയോ ഉയരേണ്ടതാണ്. എന്നാൽ ക്ലബ് അവനെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. പക്ഷെ അദ്ദേഹത്തിന്റെ തീരുമാനം എന്തായാലും അത് ഞങ്ങൾ അംഗീകരിക്കും. ഹസാർഡിന് മറ്റൊരു അനുഭവം വേണം എന്നുണ്ടെങ്കിൽ അതിനെ ഞങ്ങൾ ബഹുമാനിക്കുകയെയോള്ളൂ. ഹസാർഡിനെ പരമാവധി പറഞ്ഞു തൃപ്തിപ്പെടുത്തി ഇവിടെ തന്നെ നിലനിർത്താനാണ് ഞങ്ങളുടെ ശ്രമം. അതത്ര എളുപ്പമാണ് എന്ന് തോന്നുന്നില്ല ” സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഹസാർഡിനെ ആവിശ്യപ്പെട്ട് റയൽ മാഡ്രിഡ്‌ നിരന്തരമായി ചെൽസിയുമായി ബന്ധപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. താരത്തിന് വേണ്ടി നൂറു മില്യണിന്റെ ഓഫർ റയൽ മുന്നോട്ട് വെച്ചിരുന്നെങ്കിലും അത് ചെൽസി നിരസിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കൂടുതൽ തുക വാഗ്ദാനം ചെയ്ത് റയൽ ചെൽസിയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. റയൽ കോച്ച് സിദാന്റെ പ്രധാനലക്ഷ്യമാണ് ഹസാർഡ്. ഈ സീസണിൽ പത്തൊൻപത് ഗോളുകൾ നേടിയ ഹസാർഡ് സമീപകാലത്തെ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നത്.

COPYRIGHT WARNNING !