ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇന്നു രാത്രി മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും ഏറ്റുമുട്ടുമ്പോൾ ബാഴ്സ ആരാധകരുടെ പ്രതീക്ഷ എന്നത്തേയും പോലെ മെസിയുടെ ബൂട്ടുകളിലാണ്. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്ന അർജൻറീന താരത്തിന്റെ ബൂട്ടുകൾ സെമി ഫൈനലിലേക്കുള്ള വഴി തുറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ പതിനൊന്നു വർഷത്തിനിടയിൽ നാലു തവണയാണ് മെസി മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചാമ്പ്യൻസ് ലീഗിൽ നേരിട്ടിരിക്കുന്നത്. രണ്ടു ഫൈനലുകൾ യുണൈറ്റഡിനെതിരെ വിജയിച്ചുവെങ്കിലും മൊത്തം പ്രകടനത്തിന്റെ കണക്ക് ആരാധകർക്ക് തെല്ലൊരാശങ്ക സമ്മാനിക്കുന്നതാണ്.

2007-08 സീസണിലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലാണ് മെസി ആദ്യം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വരുന്നത്. അന്ന് ഇരു പാദങ്ങളിലും ബാഴ്സലോണ ഗോൾ നേടാൻ പരാജയപ്പെട്ടപ്പോൾ രണ്ടാം പാദത്തിൽ പോൾ സ്കോർസ് നേടിയ ഗോളിന്റെ പിൻബലത്തിൽ യുണൈറ്റഡ് ഫൈനലിലെത്തി. ഫൈനലിൽ ചെൽസിയെ തോൽപിച്ച് അവർ കിരീടം നേടുകയും ചെയ്തു. എന്നാൽ 2009ലെയും 2011ലെയും ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ഈ തോൽവിക്ക് ബാഴ്സലോണ പകരം വീട്ടി. രണ്ടു ഫൈനലുകളിലും മെസി ഗോൾ കണ്ടെത്തിയപ്പോൾ 2-0, 3-1 എന്ന സ്കോറുകൾക്കായിരുന്നു ബാഴ്സ വിജയം നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നാലു മത്സരങ്ങളിൽ രണ്ടു ഗോളുകൾ നേടിയതൊഴിച്ചാൽ ഒരു അസിസ്റ്റ് പോലും മെസിക്ക് സ്വന്തമാക്കാനില്ല.

ഇന്നത്തെ മത്സരത്തിനു മെസിയിറങ്ങുന്നത് ചില നാണക്കേടിന്റെ റെക്കോർഡുകൾ തിരുത്താൻ കൂടിയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈതാനത്ത് ഇതുവരെ ഒരു ഗോൾ നേടാൻ താരത്തിനു കഴിഞ്ഞിട്ടില്ല. മാത്രമല്ല ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വളരെക്കാലമായി ഗോൾ നേടാൻ കഴിഞ്ഞിട്ടില്ലെന്ന പരാതിയും തീർക്കേണ്ടത് മെസിക്ക് അത്യാവശ്യമാണ്. 2013ൽ പിഎസ്ജിക്കെതിരെയാണ് മെസി അവസാനമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഗോൾ നേടുന്നത്.

അതേ സമയം ഇംഗ്ലീഷ് ടീമുകൾക്കെതിരെ ചാമ്പ്യൻസ് ലീഗിൽ മെസിയുടെ പ്രകടനം അത്ഭുതപ്പെടുത്തുന്നതാണ്. മുപ്പതു മത്സരങ്ങൾ ഇംഗ്ലീഷ് ടീമുകൾക്കെതിരെ ചാമ്പ്യൻസ് ലീഗിൽ കളിച്ച താരം 22 ഗോളും ആറ് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ആഴ്സനലിനെതിരെ 2010ൽ നേടിയ നാലു ഗോളുകളും ഇതിലുൾപ്പെടുന്നു.

COPYRIGHT WARNNING !