ആവേശം വിതറിയ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ യുവന്റസും അയാക്സും സമനിലയിൽ പിരിഞ്ഞു. പരിക്കുമൂലം നാലു മത്സരങ്ങൾ പുറത്തിരുന്നതിനു ശേഷം കളിക്കാനിറങ്ങിയ റൊണാൾഡോ ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ നേടിയ ഗോളിന് യുവന്റസ് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രസീലിയൻ താരം നെരസ് നേടിയ ഉജ്ജ്വല ഗോൾ അയാക്സിനെ ഒപ്പമെത്തിക്കുകയായിരുന്നു. അയാക്സിന്റെ മൈതാനത്തു നേടിയ ഒരു ഗോളിന്റെ മുൻതൂക്കം യുവന്റസിനുണ്ടെങ്കിലും ഒരു അട്ടിമറി രണ്ടാം പാദത്തിൽ നടത്താൻ തങ്ങൾക്കു കെൽപുണ്ടെന്ന് ഡച്ച് ടീമിന് മത്സരത്തിലുടനീളം തെളിയിക്കാൻ കഴിഞ്ഞു.

റൊണാൾഡോയുടെ കിടിലൻ ഹെഡർ ഗോളൊഴിച്ചു നിർത്തിയാൽ ആദ്യ പകുതി അയാക്സിനു സ്വന്തമായിരുന്നു. യുവന്റസിനെ കൃത്യമായി പ്രസ് ചെയ്യുകയും മനോഹരമായ കളിയിലൂടെ മികച്ച മുന്നേറ്റങ്ങൾ നടത്തുകയും ചെയ്ത അവർ നിർഭാഗ്യം കൊണ്ടാണ് ലീഡെടുക്കാതിരുന്നത്. ഒറ്റപ്പെട്ടതെങ്കിലും അയാക്സിനു ഭീഷണിയുയർത്തുന്ന ചില മുന്നേറ്റങ്ങൾ ആദ്യ പകുതിയിൽ നടത്തിയ യുവന്റസ് മത്സരത്തിന്റെ ഗതിക്കെതിരായാണ് ഗോൾ നേടുന്നത്. നാൽപത്തിയഞ്ചാം മിനുട്ടിൽ ഒരു പ്രത്യാക്രമണത്തിലൂടെ കാൻസലോ നീട്ടിയ പന്ത് ഒരു ഡൈവിങ്ങ് ഹെഡറിലൂടെ വലയിലെത്തിച്ചാണ് ഈ സീസണിൽ തന്റെ അഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് ഗോൾ റൊണാൾഡോ നേടിയത്.

ആദ്യ പകുതിയിൽ അയാക്സ് കാഴ്ച വെച്ച കളിക്ക് രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ഫലം ലഭിച്ചത്. കിക്കോഫിൽ നിന്നും തുടങ്ങിയ മുന്നേറ്റത്തിനൊടുവിൽ യുവന്റസ് പ്രതിരോധ താരത്തിൽ നിന്നും പന്തു റാഞ്ചി ഒറ്റയാൻ മുന്നേറ്റം നടത്തിയ ബ്രസീലിയൻ താരം നെരസ് ഒരു കർളിങ് ഫിനിഷിങ്ങിലൂടെ വല കുലുക്കുകയായിരുന്നു. അതിന്റെ ആവേശം തീരുന്നതിനു മുൻപേ രണ്ടാമതൊരു ഗോൾ കൂടി അയാക്സ് നേടിയെങ്കിലും ഓഫ് സൈഡായതിനാൽ നിഷേധിക്കപ്പെട്ടു. ആദ്യ പകുതി പോലെ തന്നെ രണ്ടാം പകുതിയിലും അയാക്സ് തന്നെയാണ് മികച്ച കളി കാഴ്ച വെച്ചതെങ്കിലും ഗോൾ നേടുന്നതിൽ നിന്നും അവരെ തടയാൻ യുവന്റസ് പ്രതിരോധത്തിനു കഴിഞ്ഞതോടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.

Featured Image Credit: Match of the Day Twitter

COPYRIGHT WARNNING !