ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ മൈതാനത്തു വീഴ്ത്തി ബാഴ്സലോണ. ആവേശകരമാകുമെന്നു പ്രതീക്ഷിച്ച മത്സരം മിക്ക സമയത്തും വിരസമായി നീങ്ങിയപ്പോൾ ആദ്യ പകുതിയിൽ ലൂക് ഷായുടെ സെൽഫ് ഗോളാണ് മത്സരം സ്വന്തമാക്കാൻ ബാഴ്സയെ സഹായിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റങ്ങളെ സമർത്ഥമായി പ്രതിരോധിച്ച പിക്വ, സെമെഡോ എന്നിവർ ബാഴ്സക്കു വേണ്ടിയും ബാഴ്സ മധ്യനിരയെ വിടാതെ പിടിച്ച മധ്യനിര താരം മക്ടോമിനി യുണൈറ്റഡിനു വേണ്ടിയും മികച്ച പ്രകടനം കാഴ്ചവെച്ചു. ക്യാമ്പ് നൂവിൽ നടക്കുന്ന രണ്ടാം പാദത്തിൽ ഇതിലും മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ഇരു ടീമുകൾക്കും സെമി ഉറപ്പിക്കാൻ കഴിയു.

മാഞ്ചസ്റ്റർ യുണൈറ്റഡിനു മേൽ ബാഴ്സയുടെ ആധിപത്യമുണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും ആതിഥേയരുടെ കൃത്യമായ മാൻ മാർക്കിംഗ് പ്രതിരോധത്തിൽ ബാഴ്സ പലപ്പോഴും പതറുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്. പന്ത്രണ്ടാം മിനുട്ടിലാണ് ബാഴ്സയുടെ ഗോൾ പിറന്നത്. ബുസ്ക്വസ്റ്റ്സിന്റെ പാസ് പിടിച്ചെടുത്ത മെസി അതു സുവാരസിനു ഉയർത്തി നൽകി. കുട്ടിന്യോയെ ലക്ഷ്യമാക്കി സുവാരസ് നൽകിയ ഹെഡർ ബോൾ ലൂക് ഷായുടെ ദേഹത്തു തട്ടി വലയിൽ കയറുകയായിരുന്നു. നിർണായക എവേ ഗോൾ സ്വന്തമാക്കിയതോടെ ബാഴ്സ ആക്രമണം തണുക്കുകയും മിസ്പാസുകൾ പിറക്കുകയും ചെയ്തതോടെ പല സമയത്തും യുണൈറ്റഡ് ഭീഷണിയുയർത്തുന്ന മുന്നേറ്റങ്ങൾ നടത്തി. പലപ്പോഴും ഭാഗ്യത്തിന്റെ ആനുകൂല്യം കൊണ്ടാണ് ബാഴ്സ ഗോൾ വഴങ്ങാതിരുന്നത്. കുട്ടീന്യോയുടെ ഗോൾ നിഷേധിച്ച ഡി ഗിയയുടെ സേവും ആദ്യ പകുതിയിൽ എടുത്തു പറയേണ്ട ഒന്നാണ്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ സമനില ഗോളിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ചില ശ്രമങ്ങൾ നടത്തിയതൊഴിച്ചാൽ മിക്ക സമയത്തും ബാഴ്സയുടെ കാലിൽ തന്നെയായിരുന്നു കളി. എന്നാൽ ഒരു ഗോളിൽ കടിച്ചു തൂങ്ങാൻ വേണ്ടി പരസ്പരം പന്തു തട്ടി കളിക്കുകയെന്നതിലുപരി മറ്റൊരു ഗോളിനു വേണ്ടി വലിയ ശ്രമങ്ങളൊന്നും ബാഴ്സ നടത്തിയില്ല. സുവാരസിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തു പോയതും മെസിയുടെ ഫ്രീ കിക്ക് ഡി ഗിയ കയ്യിലൊതുക്കിയതുമാണ് രണ്ടാം പകുതിയിൽ ബാഴ്സയുടെ ഭാഗത്തു നിന്നുമുണ്ടായ ഗോൾ ശ്രമങ്ങൾ. ഒറ്റപ്പെട്ട യുണൈറ്റഡ് മുന്നേറ്റങ്ങളെ ബാഴ്സ പ്രതിരോധവും വിഫലമാക്കിയതോടെ മത്സരം ബാഴ്സ സ്വന്തമാക്കി.

COPYRIGHT WARNNING !