ഇന്റർ മിലാൻ സ്ട്രൈക്കറായ ഇകാർഡിക്കെതിരെ രൂക്ഷ വിമർശനം നടത്തി മുൻ ഇറ്റാലിയൻ സ്ട്രൈക്കർ അന്റോണിയോ കസാനോ. ഈ സീസണിൽ മുപ്പതു മത്സരങ്ങളിൽ ഇന്ററിനു വേണ്ടി കളത്തിലിറങ്ങിയ അർജൻറീന താരം 16 ഗോളും നാല് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഇന്റർ മിലാൻ നേതൃത്വവുമായുള്ള പ്രശ്നങ്ങൾ മൂലം കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്ക്വാഡിൽ നിന്നും പുറത്തായിരുന്ന ഇകാർഡി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. അടുത്തിടെ ടീമിൽ തിരിച്ചെത്തിയ താരത്തിന് ടീമിൽ അവസരം നൽകരുതെന്ന് ആരാധകർ ആവശ്യപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് വിമർശനവുമായി കസാനോ രംഗത്തെത്തിയിരിക്കുന്നത്.

കസാനോയുടെ അഭിപ്രായത്തിൽ ഇകാർഡിയേക്കാൾ മികച്ചത് താരത്തിന്റെ ദേശീയ ടീമിലെ സഹതാരമായ ലൗടാരോ മാർട്ടിനസാണ്. ടീമിനു വേണ്ടി കളിക്കുന്ന താരമെന്നാണ് ലൗടാരോ മാർട്ടിനസിനെ കുറിച്ച് കസാനോ പറഞ്ഞത്. “ഒരു സ്ട്രൈക്കർ മാത്രമായി കളിക്കുകയെന്നതാണ് ഇൻറർമിലാന്റെ ശൈലി. അതുകൊണ്ടു തന്നെ ഇകാർഡിയുമൊന്നിച്ചു കളിക്കാൻ മാർട്ടിനസിനാവില്ല. എന്നാൽ ഇന്റർ പരിശീലകനു കൂടുതൽ താൽപര്യം മാർട്ടിനസിനെ കളിപ്പിക്കാനായിരിക്കും. ടീമിനു കുറച്ചു കൂടി സംഭാവന നൽകുന്ന കളിക്കാരനാണ് മാർട്ടിനസ്. എന്നാൽ ഗോൾ നേടാത്ത ദിവസങ്ങളിൽ ഇകാർഡി വെറുതെയാണ്.”

“സെക്കോ, ബെൻസിമ, ലെവൻഡോവ്സ്കി എന്നിങ്ങനെയുള്ള താരങ്ങളെയാണ് സ്പല്ലറ്റിക്ക് സ്ട്രൈക്കറായി വേണ്ടത്. പിയാടകിനെ പോലും ഇന്റർ പരിശീലകനു താൽപര്യമുണ്ടാവില്ല. എന്നാൽ മാർട്ടിനസ് സ്പല്ലറ്റിക്ക് ചേരുന്ന കളിക്കാരനാണ്.” കസാനോ പറഞ്ഞു.

ഇരുപതു വയസു മാത്രം പ്രായമുള്ള മാർട്ടിനസ് അർജൻറീനിയൻ ക്ലബായ റേസിംഗിൽ നിന്നാണ് ഇന്റർ മിലാനിലെത്തിയത്. ഇകാർഡി സ്ക്വാഡിൽ നിന്നും പുറത്തായിരുന്ന സമയത്ത് മികച്ച പ്രകടനം നടത്തിയിരുന്ന താരം ഇപ്പോൾ പരിക്കു മൂലമാണ് കളിക്കാനിറങ്ങാത്തത്. ഒരു പക്ഷേ കോപ അമേരിക്കക്കുള്ള അർജൻറീന ടീമിലും പ്രധാന സ്ട്രൈക്കർ മാർട്ടിനസ് തന്നെയായിരിക്കും.

COPYRIGHT WARNNING !