മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം ഏതു ക്ലബിലേക്കാണു മൊറീന്യോ ചേക്കേറുകയെന്ന് ഏവരും ഉറ്റു നോക്കിയ കാര്യമാണ്. സൊളാരി റയൽ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കപ്പെടുമെന്ന ഘട്ടം വന്നപ്പോൾ പകരക്കാരനായി മൊറീന്യോ റയലിലേക്കു തിരികെയെത്തുമെന്നാണ് ഏവരും കരുതിയത്. എന്നാൽ താരങ്ങളുടെ എതിർപ്പുമൂലം സിദാൻ തന്നെയാണ് റയൽ പരിശീലകനായി എത്തിയത്. അടുത്ത സീസണിൽ പരിശീലക സ്ഥാനത്തേക്കെത്തുമെന്നു പറയുന്ന മൊറീന്യോ തന്റെ ലക്ഷ്യം ഏതു ലീഗിലേക്കാണെന്നതിന്റെ സൂചനകൾ അടുത്തിടെ നൽകി.

ജർമൻ ലീഗിലെ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടിന്റെ പ്രവർത്തനങ്ങളിൽ താൻ ആകൃഷ്ടനാണെന്നാണ് സ്പോർട്ബിൽഡിനു നൽകിയ അഭിമുഖത്തിൽ മൊറീന്യോ പറഞ്ഞത്. “ഡോർട്മുണ്ട് സിഇഒയായ വാസ്കേയുമായി മികച്ച ബന്ധമാണ് എനിക്കുള്ളത്. ഞാനുമായി ബന്ധമുള്ള ഏതെങ്കിലും താരത്തിനെയോ പരിശീലകനെയോ സംബന്ധിച്ച അഭിപ്രായം അദ്ദേഹം ചോദിക്കുമ്പോൾ സത്യസന്ധമായ മറുപടി ഞാൻ നൽകാറുണ്ട്. ഞങ്ങൾക്കിടയിലെ പരസ്പര ബഹുമാനവും സ്നേഹവും ഇപ്പോഴും നല്ല രീതിയിൽ നിലനിൽക്കുന്നുണ്ട്. ”

ബയേൺ പരിശീലകനായി മൊറീന്യോ എത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നെങ്കിലും നിലവിലെ പരിശീലകനായ കൊവാച്ച് സ്ഥാനം നിലനിർത്തുമെന്ന് മൊറീന്യോ പ്രതീക്ഷ പ്രടിപ്പിച്ചു. യുണൈറ്റഡ് പരിശീലക സ്ഥാനമൊഴിഞ്ഞതിനു ശേഷം നാലോളം ക്ലബുകൾ തന്നെ സമീപിച്ചിരുന്നുവെങ്കിലും തന്റെ ശൈലിക്കു ചേരുന്നവയല്ലാത്തതു കൊണ്ട് അതു പരിഗണിച്ചില്ലെന്ന് മൊറീന്യോ നേരത്തെ പറഞ്ഞിരുന്നു. പുതിയൊരു ലീഗിൽ പുതിയൊരു ടീമിനൊപ്പം കിരീടമുയർത്തുകയാണു തന്റെ ലക്ഷ്യമെന്നാണ് മൊറീന്യോ പറയുന്നത്.

COPYRIGHT WARNNING !