ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിലെ തോൽവിക്കു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആഷ്ലി യങ്ങിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ ദയനീയമായ പ്രകടനമാണ് ഇംഗ്ലണ്ട് താരം പുറത്തെടുത്തത്. കമന്റേറ്ററായ മാർട്ടിൻ ടൈലർ മികച്ച ക്രോസറെന്നു വിശേഷിപ്പിച്ച താരം മത്സരത്തിൽ പതിനൊന്നു ക്രോസുകൾ തൊടുത്തെങ്കിലും ഒന്നു പോലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. യുണൈറ്റഡിനു ലീഡെടുക്കാൻ സാധ്യതയുണ്ടായിരുന്ന ചില പ്രത്യാക്രമണങ്ങളിൽ ആഷ്ലി യങ്ങിന്റെ ലക്ഷ്യബോധമില്ലായ്മയാണ് ആതിഥേയർക്കു തിരിച്ചടിയായത്.

വിങ്ങറായി കരിയർ ആരംഭിച്ച് പിന്നീട് ഫുൾ ബാക്കായ താരത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലാണ് ആരാധകർ വിമർശനമുയർത്തുന്നത്. ഇത്രയും മോശം ക്രോസുകൾ നൽകുന്ന യങ്ങ് മുൻപ് ഒരു വിങ്ങറായിരുന്നുവെന്ന കാര്യം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചപ്പോൾ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകൾ കാണുന്ന മത്സരത്തിൽ യുണൈറ്റഡിനെ യങ്ങ് നാണം കെടുത്തിയെന്നാണ് മറ്റൊരാളുടെ അഭിപ്രായം. താരത്തെ യുണൈറ്റഡ് ടീമിൽ നിന്നും ഒഴിവാക്കണമെന്നും പകരം താരത്തെ അടുത്ത സീസണിൽ എത്തിക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

അതേ സമയം ബാഴ്സലോണ മധ്യനിരയെ വിടാതെ പിടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരങ്ങളെ ആരാധകർ പ്രശംസിച്ചു. മക്ടോമിനി, ഫ്രഡ്, പോഗ്ബ എന്നിവർ മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇതിൽ തന്നെ മക്ടോമിനിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ബാഴ്സലോണ മധ്യനിരയെയും മെസിയെയും വിടാതെ പിന്തുടർന്ന താരത്തിന്റെ പ്രകടനമാണ് കൂടുതൽ ഗോളുകൾ നേടുന്നതിൽ നിന്നും ബാഴ്സയെ തടഞ്ഞത്.

COPYRIGHT WARNNING !