അയാക്സിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആദ്യ പകുതിയിൽ നേടിയ ലീഡ് കളഞ്ഞു കുളിച്ച് മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നെങ്കിലും യുവന്റസ് താരം റൊണാൾഡോ സന്തോഷവാനാണ്. പോർച്ചുഗലിനൊപ്പമുള്ള യൂറോ കപ്പ് മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് നാലു കളികൾ തുടർച്ചയായി പുറത്തിരുന്നതിനു ശേഷം ആദ്യമായി ഇറങ്ങിയ മത്സരത്തിൽ തന്നെ ഗോൾ നേടാനായതാണ് താരത്തിന്റെ സന്തോഷത്തിനു കാരണം. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന മിനുട്ടിലാണ് നിർണായക എവേ ഗോൾ താരം നേടിയത്. ജോവ കാൻസലോയുടെ ക്രോസ് മികച്ചൊരു റണ്ണിനു ശേഷം ഡൈവിങ്ങ് ഹെഡറിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തിനു ശേഷം ഇൻസ്റ്റഗ്രാമിലാണ് റൊണാൾഡോ തന്റെ ആഹ്ലാദം പ്രകടിപ്പിച്ചത്. വീണ്ടും മത്സരങ്ങളിലേക്കു തിരിച്ചു വരാനായതിലും ചാമ്പ്യൻസ് ലീഗ് പോലൊരു പ്രധാന ടൂർണമെന്റിൽ ഗോൾ കണ്ടെത്താനായതിലും സന്തോഷം പ്രകടിപ്പിച്ച താരം തന്റെ സഹതാരങ്ങൾക്ക് അഭിനന്ദനമറിയിക്കുകയും ചെയ്തു. മത്സരത്തിൽ ഹെഡർ ഗോൾ നേടിയതോടെ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ഹെഡർ ഗോളുകളെന്ന റെകോർഡ് റൊണാൾഡോ സ്വന്തമാക്കി. ഇതു വരെ ഇരുപത്തിമൂന്നു തവണയാണ് ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ തല കൊണ്ടു വല കുലുക്കിയിരിക്കുന്നത്.

ഇന്നലത്തെ ഗോൾ റൊണാൾഡോ അയാക്സിനെതിരെ നേടുന്ന എട്ടാമത്തെ ഗോളായിരുന്നു. നിർണായക എവേ ഗോൾ യുവന്റസ് നേടിയെങ്കിലും മത്സരത്തിൽ ആധിപത്യം പുലർത്തിയിരുന്നത് അയാക്സായിരുന്നു. നിർഭാഗ്യം കൊണ്ടു മാത്രമാണ് അവർക്കു ലീഡെടുക്കാൻ കഴിയാതിരുന്നത്. എന്നാൽ രണ്ടാം പാദ മത്സരം സ്വന്തം മൈതാനത്തായതു കൊണ്ട് യുവന്റസിനു പേടിക്കാനില്ല. അത്ലറ്റികോയുടെ രണ്ടു ഗോൾ ലീഡിനെ മറികടന്ന യുവന്റസ് രണ്ടാം പാദത്തിൽ അയാക്സിനെ നിഷ്പ്രയാസം മറികടക്കാനാണു സാധ്യത.

COPYRIGHT WARNNING !