ഇറ്റാലിയൻ ക്ലബായ റോമയെ ഏറ്റെടുക്കാൻ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഖത്തർ ഫൗണ്ടേഷൻ താൽപര്യം പ്രകടിപ്പിക്കുന്നു. യൂറോപ്പിലെ തങ്ങളുടെ ഫുട്ബോൾ ബിസിനസ് മാർക്കറ്റ് ഇറ്റലിയിലേക്കും വ്യാപിപ്പിക്കുകയെന്നതാണ് ഖത്തർ ഫൗണ്ടേഷന്റെ ലക്ഷ്യം. ഇറ്റലിയിലെ ഏറ്റവും പ്രമുഖ നഗരവും വിനോദസഞ്ചാരികളുടെ തള്ളിക്കയറ്റവുമുള്ള റോമിലെ ക്ലബിനെ പ്രധാന ഏറ്റെടുത്ത് യൂറോപ്പിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാക്കുന്നതിനു വേണ്ടി വമ്പൻ തുകയാണ് അവർ നീക്കി വക്കാനുദ്ദേശിച്ചിരിക്കുന്നത്. രണ്ടു ബില്യൺ യൂറോ (ഏതാണ്ട് പതിനാറായിരം കോടി ഇന്ത്യൻ രൂപ) ക്ലബിനു വേണ്ടി ഇൻവസ്റ്റ് ചെയ്യാൻ അവർ ഒരുക്കമാണ്.

നിലവിൽ ഫ്രഞ്ച് ലീഗ് ക്ലബായ പിഎസ്ജിയെ ഇതു പോലെ ഖത്തർ ഫൗണ്ടേഷൻ സ്വന്തമാക്കിയതാണ്. ഫ്രഞ്ച് ലീഗിൽ എതിരാളികളില്ലാതെ കുതിക്കാൻ പിഎസ്ജിക്ക് അടിത്തറയുണ്ടായതും ഖത്തർ ഫൗണ്ടേഷൻ ഏറ്റെടുത്തതിനു ശേഷമാണ്. ഒട്ടനവധി പ്രമുഖ താരങ്ങളെയാണ് അവർ വമ്പൻ തുക ചെലവാക്കി വാങ്ങിച്ചു കൂട്ടിയത്. നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും വില കൂടിയ ട്രാൻസ്ഫറുകളായ നെയ്മർ, എംബാപ്പെ എന്നിവരും അതിലുൾപ്പെടുന്നു. റോമയെയും ഇതുപോലെ ഖത്തർ ഫൗണ്ടേഷൻ സ്വന്തമാക്കിയാൽ നിരവധി പ്രമുഖ താരങ്ങളെ വൻ തുക ചെലവാക്കി ഇറ്റാലിയൻ റാഞ്ചുമെന്നതുറപ്പാണ്. ഇറ്റാലിയൻ ഫുട്ബോളിൽ വലിയ മാറ്റത്തിനും അതു വഴിയൊരുക്കും.

നിലവിൽ റോമയുടെ പ്രധാന ജേഴ്സി സ്പോൺസർമാരിലൊരാളാണ് ഖത്തർ ഫൗണ്ടേഷൻ. ക്ലബിനെ ഏറ്റെടുക്കാൻ അവർ താൽപര്യം പ്രകടിപ്പിച്ചുവെന്ന വാർത്ത ഇറ്റലിയിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യം റോമ പ്രസിഡന്റ് ജയിംസ് പല്ലോറ്റ നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിസ്റ്റുകളായ റോമ ഇത്തവണ പ്രീ ക്വാർട്ടറിൽ പോർട്ടോയോടു തോറ്റു പുറത്തായിരുന്നു. സീരി എയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ഒരു പോയിന്റു മാത്രം പുറകിൽ ആറാം സ്ഥാനത്താണ് ടീം.

COPYRIGHT WARNNING !