മാഞ്ചസ്റ്റർ യുണൈറ്റഡിനെ അപേക്ഷിച്ച് തകർപ്പൻ ഫോമിലാണ് ഈ സീസണിൽ ബാഴ്സലോണ. എന്നാൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആരാധകർ പ്രതീക്ഷിച്ച ഒരു റിസൾട്ടുണ്ടാക്കാൻ സ്പാനിഷ് ടീമിനായില്ലെന്നതാണ് സത്യം. ആതിഥേയരെ ബാഴ്സ തകർത്തെറിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും പൊതുവേ നിറം മങ്ങിയ പ്രകടനമാണ് യുണൈറ്റഡിന്റെ മൈതാനത്ത് ടീം കാഴ്ച വെച്ചത്. ലൂക് ഷായുടെ സെൽഫ് ഗോളിൽ വിജയം നേടിയെങ്കിലും മത്സരത്തിൽ ബാഴ്സക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയാതിരുന്നത് ഒരൊറ്റ താരത്തിന്റെ പ്രകടനം കാരണമാണെന്നാണ് മുൻ യുണൈറ്റഡ് പരിശീലകൻ മൊറീന്യോ പറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിര താരം മക്ടോമിനൈയാണ് ബാഴ്സയെ തടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചതെന്നാണ് മൊറീന്യോയുടെ അഭിപ്രായം.

“യുണൈറ്റഡിനെതിരെ ബാഴ്സ ബാഴ്സയേ അല്ലായിരുന്നു. മക്ടോമിനിയുടെ പ്രകടനമാണ് അതിൽ നിർണായകമായതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മോശമായ അർത്ഥത്തിലല്ല, എല്ലാ ബഹുമാനവും നൽകി ഞാൻ മക്ടോമിനിയുടെ പ്രകടനത്തെ ഭ്രാന്തൻ നായയെപ്പോലെയെന്നാണ് വിശേഷിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ആരെയും ഭയക്കാതെ ബാഴ്സ മധ്യനിരയെ വളരെ മികച്ച രീതിയിലാണ് താരം പ്രസ് ചെയ്തു കളിച്ചത്. പല തവണ താരം ബാഴ്സക്കു ഭീഷണിയുയർത്തി. ഏരിയൽ ബോൾസിലെല്ലാം താരം മികച്ചു നിന്നു. മത്സരം സ്വന്തമാക്കണമെന്ന ആഗ്രഹം താരത്തിൽ പ്രകടമായിരുന്നു.” മൊറീന്യോ പറഞ്ഞു.

ഇരുപത്തിരണ്ടു വയസു മാത്രം പ്രായമുള്ള മക്ടോമിനി മൊറീന്യോ പരിശീലകനായിരിക്കുമ്പോൾ നിരവധി മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. മത്സരത്തിൽ ബാഴ്സ മധ്യനിരയെ പിടിച്ചു കെട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു കഴിഞ്ഞതാണ് സ്കോർ നില ചുരുങ്ങാൻ കാരണം. അതേ സമയം യുണൈറ്റഡ് മുന്നേറ്റത്തെ നിശബ്ദമാക്കാൻ ബാഴ്സ പ്രതിരോധത്തിനു കഴിഞ്ഞു. മത്സരത്തിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്കുതിർക്കാൻ ആതിഥേയർക്കു കഴിഞ്ഞില്ല. രണ്ടാം പാദം ക്യാമ്പ് നൂവിലായതു കൊണ്ട് വിജയപ്രതീക്ഷ യുണൈറ്റഡിനില്ല. എന്നാൽ പിഎസ്ജി, യുവന്റസ് എന്നിവർക്കെതിരെ എവേ മത്സരം വിജയിച്ച പോലൊരു അത്ഭുതം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടീം.

COPYRIGHT WARNNING !