മുപ്പത്തിയഞ്ചുകാരനായ ഡാനി ആൽവസിന്റെ കരിയറിൽ ഇനി വളരെക്കാലമൊന്നും ശേഷിക്കുന്നില്ല. നിലവിൽ പിഎസ്ജിക്കു വേണ്ടി കളിക്കുന്ന താരത്തിന്റെ കരാർ ഈ സീസണോടു അവസാനിക്കാനിരിക്കയാണ്. ഫ്രഞ്ച് ക്ലബുമായി കരാർ പുതുക്കാൻ ആൽവസുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതിനെ മറികടന്ന് താരത്തെ ടീമിലെത്തിക്കാൻ മുൻ ക്ലബായ സെവിയ്യ ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. പ്രമുഖ ഫ്രഞ്ച് മാധ്യമമായ എൽഎക്വിപ്പെയാണ് അടുത്ത സീസണിൽ ആൽവസ് വളരെക്കാലത്തിനു ശേഷം സ്പാനിഷ് ലീഗിലേക്കു തന്നെ തിരികെയെത്തിയേക്കുമെന്ന സൂചനകൾ നൽകിയത്.

2003 മുതൽ 2008 വരെ സെവിയ്യക്കു വേണ്ടി കളിച്ച ഡാനി ആൽവസ് അതിനു ശേഷമാണ് ബാഴ്സലോണയിലേക്കെത്തുന്നത്. 248 മത്സരങ്ങൾ സെവിയ്യക്കു വേണ്ടി കളിച്ച താരം പതിനാറു ഗോൾ നേടുകയും 62 ഗോളുകൾക്കു വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. സെവിയ്യയിലുണ്ടായിരുന്ന സമയത്ത് രണ്ടു യുവേഫ കപ്പ്, ഒരു കോപ ഡെൽ റേ, ഒരു യുവേഫ സൂപ്പർ കപ്പ്, ഒരു സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ സ്വന്തമാക്കാൻ ആൽവസിനു കഴിഞ്ഞു. അടുത്തിടെ സെവിയ്യയിലേക്കു മടങ്ങിയെത്താൻ താരം ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ലോകം കണ്ട ഏറ്റവും മികച്ച റൈറ്റ് ബാക്കുകളിലൊരാളായ ഡാനി ആൽവസ് 2016ലാണ് ലാലിഗ വിടുന്നത്‌. ഒരു സീസൺ യുവന്റസിനു വേണ്ടി കളിച്ച താരം പിന്നീടാണ് പിഎസ്ജിയിലെത്തുന്നത്. കരിയറിലിതു വരെ 39 കിരീടങ്ങൾ നേടിയ താരത്തിന് ഈ സീസണിലെ ലീഗ് വൺ കിരീടവും ഫ്രഞ്ച് കപ്പും പിഎസ്ജിക്കൊപ്പം സ്വന്തമാക്കാൻ അവസരമുണ്ട്. ലോകം കണ്ട ഏറ്റവും മികച്ച താരം തങ്ങളുടെ ടീമിലേക്കു തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് സെവിയ്യ ആരാധകർ.

COPYRIGHT WARNNING !