കരിയറിലിതു വരെ 650ലധികം ഗോളുകൾ നേടി ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് ലയണൽ മെസി. ആരാധകരെ വിസ്മയിപ്പിക്കുന്ന നിരവധി ഗോളുകൾ താരം കരിയറിൽ നേടിയിട്ടുണ്ട്. നിരവധി സോളോ ഗോളുകളും ഫ്രീ കിക്കുകളും കരിയറിൽ നേടിയിട്ടുള്ള അർജന്റീന താരത്തിന്റെ ഗോളുകളിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക ആരാധകരെ സംബന്ധിച്ചു തന്നെ പ്രയാസകരമായിരിക്കും. എന്നാൽ മെസിയെ സംബന്ധിച്ച് തന്റെ ഏറ്റവും മികച്ച ഗോൾ തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം പോലുമില്ല. അടുത്തിടെ സ്പാനിഷ് മാധ്യമം മുണ്ടോ ഡിപോർടിവോക്കു നൽകിയ അഭിമുഖത്തിലാണ് താരം താൻ കരിയറിൽ നേടിയതിൽ ഏറ്റവും മികച്ചതെന്നു തോന്നിയ ഗോൾ ഏതാണെന്നു വെളിപ്പെടുത്തിയത്.

റോമിൽ വച്ചു നടന്ന 2009 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നേടിയ ഗോളാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോളായി മെസി പറയുന്നത്. സാവിയുടെ ക്രോസിൽ നിന്നും ഒരു തകർപ്പൻ ഹെഡറിലൂടെയാണ് മെസി അന്നു വലകുലുക്കിയത്. പന്തു വലയിലെത്തുമ്പോൾ അന്നത്തെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായിരുന്ന എഡ്വിൻ വാൻ ഡെർ സാർ നിന്നിടത്തു നിന്നും അനങ്ങിയിട്ടു പോലുമില്ലായിരുന്നു. ഉയരക്കുറവു മൂലം ഹെഡർ ഗോളുകൾ നേടുന്നതിൽ പൊതുവേ പിന്നിലായ മെസി തന്റെ കരിയറിൽ നേടിയ ഏറ്റവും മികച്ച ഹെഡർ ഗോളാണതെന്ന് നിസംശയം പറയാം. അതു കൊണ്ടു തന്നെയായിരിക്കാം തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഗോളായി മെസി അതിനെ തിരഞ്ഞെടുത്തതും. ആ മത്സരം വിജയിച്ച് ചാമ്പ്യൻസ് ലീഗ് കിരീടവും ബാഴ്സ സ്വന്തമാക്കിയിരുന്നു.

അടുത്തിടെ അറുപതോളം ഗോളുകളിൽ നിന്നും ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകൾ തിരഞ്ഞെടുക്കാൻ ആരാധകരോട് ആവശ്യപ്പെട്ടപ്പോൾ മെസിയുടെ ഗോളുകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയത്. ഗെറ്റാഫക്കെതിരെ മെസി ആറോളം എതിർ താരങ്ങളെ മറികടന്ന് നേടിയ ഗോളിനായിരുന്നു ഒന്നാം സ്ഥാനം. എന്നാൽ ആ ലിസ്റ്റിലും മെസിയുടെ പ്രിയപ്പെട്ട ഗോൾ അതല്ലായിരുന്നു. റയൽ മാഡ്രിഡിനെതിരെ ചാമ്പ്യൻസ് ലീഗിൽ നേടിയ ഗോളാണ് തനിക്കു പ്രിയപ്പെട്ടതെന്നാണ് മെസി പറഞ്ഞത്.

COPYRIGHT WARNNING !