അടുത്ത സീസണു മുൻപ് ടീമിനുള്ളിൽ ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന സൂചനകൾ നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷയർ. ഈ സീസണു ശേഷമുള്ള ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെ പ്രധാന താരങ്ങളിൽ ചിലരെ ഒഴിവാക്കേണ്ടി വരുമെന്നാണ് സോൾഷയറിന്റെ വാക്കുകളിൽ നിന്നും തെളിയുന്നത്. വളരെക്കാലമായി പ്രീമിയർ ലീഗ് കിരീടമില്ലാതെ പതറുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിലെങ്കിലും കിരീടം സ്വന്തമാക്കിയേ തീരുവെന്ന വാശിയിലാണ്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ഉറപ്പിക്കാനാവാത്ത ടീമിൽ ചില അഴിച്ചു പണികൾ നടത്തിയാൽ മാത്രമേ യുണൈറ്റഡിനു പ്രീമിയർ ലീഗിൽ കുതിപ്പു കണ്ടെത്താനാവു. വമ്പൻ ട്രാൻഫറുകൾ നടത്തി പ്രധാന താരങ്ങളെ ടീമിലെത്തിച്ചായാണ് സിറ്റിയും ലിവർപൂളും ഇപ്പോൾ പ്രീമിയർ ലീഗിന്റെ മുൻനിരയിൽ നിൽക്കുന്നത്. അതേ പാത പിൻതുടരാനാണ് യുണൈറ്റഡിന്റെയും തീരുമാനം.

“ഒരു തടസവുമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടു പോകുമെന്ന പ്രതീക്ഷ എനിക്കില്ല. ഞങ്ങൾക്കു മുന്നിലുള്ള പാത വളരെ കടുപ്പം നിറഞ്ഞതാണ്. ടീമിനെ മുന്നോട്ടു നയിക്കാൻ കഴിയുന്ന താരങ്ങളെയാണ് സ്ക്വാഡിൽ വേണ്ടത്. അതിനു ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങൾ ടീമിൽ നിലനിൽക്കും. മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും പ്രീമിയർ ലീഗിൽ വളരെയധികം മുന്നിലാണ്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ നേരിട്ട ബാഴ്സ യൂറോപ്പിലെ തന്നെ മികച്ച ടീമുകളിലൊന്നാണ്. അവർക്കൊപ്പമെത്തണമെങ്കിൽ താരങ്ങളുടെ മികച്ച പ്രകടനം തന്നെ വേണം. അതിനു കഴിയുന്ന കളിക്കാരെയാണ് ടീമിനാവശ്യം.” സോൾഷയർ പറഞ്ഞു.

നിലവിൽ ഏഴു താരങ്ങളാണു ടീമിൽ നിന്നും പുറത്തു പോകുമെന്നു പ്രതീക്ഷിക്കപ്പെടുന്നത്. ആൻഡർ ഹെരേര, യുവൻ മാട്ട, അലക്സിസ് സാഞ്ചസ്, മാറ്റിയോ ഡാർമിൻ, മാർകസ് റോഹോ, എറിക് ബെയ്ലി, അന്റോണിയോ വലൻസിയ എന്നിവരാണ് ഈ സീസണുശേഷം ടീം വിടാനൊരുങ്ങുന്നത്. ജാഡൻ സാഞ്ചോ, ഡെക്ലൻ റൈസ് എന്നിവരെ യുണൈറ്റഡ് നോട്ടമിട്ടിട്ടുണ്ടെന്നും വാർത്തകളുണ്ട്. അവസാന അഞ്ചു മത്സരങ്ങളിൽ നാലും തോറ്റ യുണൈറ്റഡ് നിലവിൽ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്താണ്. ചാമ്പ്യൻസ് ലീഗ് സാധ്യതകളെ നിലനിർത്താൻ ഇനിയുള്ള മത്സരങ്ങളിലെല്ലാം അവർക്കു ജയം നിർബന്ധമാണ്. ഇന്നു രാത്രി വെസ്റ്റ്ഹാമുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് പോരാട്ടം.

COPYRIGHT WARNNING !