ബ്രസീലിയൻ ക്ലബ് ഫ്ളമങ്ങോയിൽ നിന്നും റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിലേക്കാണു ആദ്യം എത്തിയതെങ്കിലും ലൊപടെയിക്കു പകരക്കാരനായി അർജൻറീനിയൻ പരിശീലകൻ സൊളാരി റയൽ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെ വിനിഷ്യസിന്റെ സമയം തെളിയുകയായിരുന്നു. റയലിന്റെ ഫസ്റ്റ് ടീമിൽ അവസരം ലഭിച്ചത് കൃത്യമായി മുതലാക്കിയ താരം മികച്ച പ്രകടനം നടത്തി ആ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഇപ്പോൾ പരിക്കിന്റെ പിടിയിലാണെങ്കിലും റയലിനു വേണ്ടി ഈ സീസണിൽ നടത്തിയ പ്രകടനം ബ്രസീലിയൻ താരത്തിന്റെ മൂല്യത്തിൽ ഒന്നര വർഷത്തിനിടെ ഏഴിരട്ടി വർദ്ധനവാണുണ്ടാക്കിയിരിക്കുന്നത്. റയൽ മാഡ്രിഡിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ നാലാം സ്ഥാനത്താണ് വെറും പതിനെട്ടു വയസു മാത്രം പ്രായമുള്ള വിനീഷ്യസ്.

നിലവിൽ 70 ദശലക്ഷം യൂറോയാണ് വിനീഷ്യസിന്റെ അടിസ്ഥാന വിലയായി കണക്കാക്കപ്പെടുന്നത്. നാൽപതു ദശലക്ഷം യൂറോയോളം ചെലവാക്കി റയൽ സ്വന്തമാക്കിയ താരം പതിനെട്ടു മാസങ്ങൾക്കു മുൻപ് ഫ്ളമങ്ങോയിൽ കളിക്കുമ്പോൾ ഇതിന്റെ ഏഴിലൊന്നു മാത്രമായിരുന്നു അടിസ്ഥാന വില. നിലവിൽ മൂല്യത്തിന്റെ കാര്യത്തിൽ റയൽ മാഡ്രിഡിലെ മൂന്നു താരങ്ങൾ മാത്രമാണ് വിനീഷ്യസിനു മുന്നിലുള്ളത്. എൺപതു ദശലക്ഷം യൂറോ അടിസ്ഥാന വിലയുള്ള ടോണി ക്രൂസ്, റാഫേൽ വരാനെ, മാർകോ അസെൻസിയോ എന്നിവരാണ് ബ്രസീലിയൻ താരത്തേക്കാൾ മൂല്യമുള്ള താരങ്ങൾ. ഒരു പക്ഷേ അടുത്ത സീസണു മുൻപു തന്നെ അവരെ വിനീഷ്യസ് കടത്തി വെട്ടാനുമിടയുണ്ട്. ലാലിഗയിലെ വില പിടിച്ച താരങ്ങളിൽ പന്ത്രണ്ടാം സ്ഥാനത്തുള്ള വിനീഷ്യസ് 2000ത്തിനു ശേഷം ജനിച്ച താരങ്ങളിൽ ലോകത്തിലെ ഏറ്റവും വിലപിടിച്ച താരങ്ങളിൽ രണ്ടാം സ്ഥാനത്താണ്.

സൂപ്പർ താരങ്ങളെക്കൊണ്ടു നിറഞ്ഞ ബ്രസീൽ ടീമിലും വില പിടിച്ച താരങ്ങളിൽ വിനീഷ്യസിനു നാലാം സ്ഥാനമുണ്ട്. 180 ദശലക്ഷം യൂറോ മൂല്യമുള്ള നെയ്മർ, 100 ദശലക്ഷം യൂറോ മൂല്യമുള്ള കുട്ടീന്യോ, എൺപതു ദശലക്ഷം യൂറോ മൂല്യമുള്ള ഫിർമിനോ എന്നിവർ മാത്രമാണ് വിനീഷ്യസിനു മുന്നിൽ നിൽക്കുന്നത്. വിനീഷ്യസ് എന്ന പേരുപയോഗിച്ച് സൗത്ത് അമേരിക്കയിൽ ശക്തരാവാൻ ഇതു വഴി റയൽ മാഡ്രിഡിനു കഴിയും. പരിക്കു മൂലം വിശ്രമത്തിലുള്ള താരം ആഴ്ചകൾക്കുള്ളിൽ കളത്തിലിറങ്ങുമെന്നാണു കരുതപ്പെടുന്നത്. റയൽ മാഡ്രിഡിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ബ്രസീലിന്റെ കോപ അമേരിക്ക ടീമിൽ താരത്തിന് ഇടം പിടിക്കാനാവു.

COPYRIGHT WARNNING !