ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ടീമുകൾ മൂന്നു നാലെണ്ണമുണ്ടെങ്കിലും അതിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന രണ്ടു ടീമുകളാണ് ബാഴ്സലോണയും യുവന്റസും. സൂപ്പർ താരങ്ങളായ മെസിയുടെയും റൊണാൾഡോയുടെയും സാന്നിധ്യം തന്നെയാണ് യൂറോപ്യൻ കിരീടം നേടാനുള്ള സാധ്യതയിൽ ഈ രണ്ടു ടീമുകൾ മുന്നിൽ നിൽക്കാൻ കാരണം. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും തകർപ്പൻ പ്രകടനം നടത്തുന്ന മെസി രണ്ടു ടൂർണമെൻറിലും ടോപ് സ്കോററാണ്. അതേ സമയം യുവന്റസിന്റെ ടോപ് സ്കോററായ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് ഇറ്റാലിയൻ ടീമിനെ പുറത്താവലിൽ നിന്നും രക്ഷിച്ചത്. ടീമിനെ ഒറ്റക്കു തോളിലേറ്റാൻ ഇരുവർക്കും കഴിയുമെന്നതു കൊണ്ടു തന്നെയാണ് ഇരുവരുമുള്ള ടീമിന് ചാമ്പ്യൻസ് ലീഗ് കിരീടത്തിനു സാധ്യത കൂടുതൽ കൽപിക്കപ്പെടുന്നത്‌.

വിവിധ സ്റ്റാറ്റിസ്റ്റിക്സുകൾ വിശലകനം ചെയ്യുന്ന വെബ്സൈറ്റായ 538 ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് വിജയം നേടാൻ സാധ്യതയുള്ള ടീമിനെ കണ്ടെത്തിയപ്പോൾ ബാഴ്സലോണയാണ് അതിൽ ഒന്നാം സ്ഥാനത്ത്. ലക്ഷ്യത്തിലെത്താൻ ടീം കാണിക്കുന്ന അർപ്പണ ബോധം, ആക്രമണത്തിലും പ്രതിരോധത്തിലുമുള്ള ടീമിന്റെ കഴിവ്, ഓരോ സ്റ്റേജിലും ടീം പുറത്തെടുത്ത പ്രകടനം എല്ലാം വിശകലനം ചെയ്താണ് വെബ്സൈറ്റ് ജേതാക്കളെ കണ്ടെത്തിയത്. മെസി തന്റെ കരിയറിലെ അഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ഈ സീസണിൽ നേടുമെന്നും അതിനു പുറമേ തന്റെ ആറാമത്ത ബാലൺ ഡി ഓർ ഈ വർഷം ഉയർത്തുമെന്നുമാണ് വെബ്സൈറ്റ് പ്രവചിച്ചിരിക്കുന്നത്. ബാലൺ ഡി ഓർ നേടാൻ റൊണാൾഡോയേക്കാൾ മൂന്നിരട്ടി സാധ്യത മെസിക്കുണ്ടെന്നും അവർ പറയുന്നു.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരം കഴിഞ്ഞപ്പോൾ എതിർ ടീമിന്റെ മൈതാനത്തു വിജയം നേടാൻ കഴിഞ്ഞ ഒരേയൊരു ടീമാണു ബാഴ്സലോണ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1-0ത്തിനു തോൽപിച്ചെങ്കിലും സെമി ഉറപ്പിച്ചുവെന്നു പറയാൻ ബാഴ്സക്കു കഴിയില്ല. യുവന്റസിനെയും പിഎസ്ജിയേയും എവേ മത്സരങ്ങളിൽ കീഴ്പ്പെടുത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് കനത്ത വെല്ലുവിളി ബാഴ്സക്കുയർത്താൻ സാധ്യതയുണ്ട്. അതേ സമയം റൊണാൾഡോയുടെ യുവന്റസ് അയാക്സിന്റെ മൈതാനത്ത് സമനില വഴങ്ങുകയായിരുന്നു. എന്നാൽ അത്ലറ്റികോ മാഡ്രിഡിനെ സ്വന്തം മൈതാനത്ത് മൂന്നു ഗോളുകൾക്കു കീഴടക്കി ക്വാർട്ടറിലെത്തിയ ടീമിന് രണ്ടാം പാദത്തിൽ വിജയം നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്.

COPYRIGHT WARNNING !